തിലോപ്പിയ
Cichlids കുടുംബത്തില്‍ പെട്ട ആഫ്രിക്കക്കാരനായ തിലോപ്പിയ, അഥവാ Mozambique Mouthbrooder, (
Oreochromis mossambicus) ലോകത്തിലെ ഒരുവിധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ധാരാളമായി കാണുന്ന ഒരു മീനാണ്. പ്രത്യേകിച്ച് നമ്മുടെ ഡാമുകളിലും ജലാശയങ്ങളിലും. പക്ഷേ ഇവ പണ്ടൊക്കെ ഞങ്ങളുടെ നാടായ കോട്ടയത്തും പരിസരങ്ങളിലും വളരെ കുറവായിരുന്നു. പക്ഷേ മത്സ്യകൃഷി തുടങ്ങിയതോടെ പലയിടത്തും ഇവ കാണപ്പെടുന്നുണ്ട്.
തിലാപ്പിയ, തിലോപ്പി എന്നൊക്കെ പറയുന്ന ഇവനെ സിലോപ്പി എന്നു വരെ പറയുന്നവര്‍ ഉണ്ട്. ചെളിവെള്ളമാണെങ്കിലും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളമാണെങ്കിലും മലിനജലമാണെങ്കിലും ഇവയ്ക്ക് ഒരു പ്രശ്നവുമില്ല. ഒരു കുഴപ്പവുമില്ലാതെ അവ ജീവിക്കും. മലിനജലത്തില്‍ജീവിക്കുന്നതു കൊണ്ടു തന്നെ ഇവയെ നമ്മുടെ നാട്ടില്‍ പലരും കറിക്ക് ഉപയോഗിക്കില്ലായിരുന്നു. (ഉദാഹരണത്തിന് കൊച്ചിയിലെ മലിനജലം ഒഴുകുന്ന ഓടകളില്‍ എല്ലാം ഇവയെ ധാരാളം കാണാമായിരുന്നു, കൊതുകു നിവാരണത്തിന് ഇവന്‍ കുറെയൊക്കെ സഹായിക്കുന്നുണ്ട്).
ഒരടി വരെ വലുതാകുന്ന തിലോപ്പിയക്ക് ഭാരം ഒരു കിലോയില്‍ കൂടുതല്‍ വരെ കാണപ്പെടുന്നു. ഇവ പല നിറത്തിലും തരത്തിലും കാണപ്പെടുന്നുണ്ട്.
അതുപോലെ ലോകത്തിലെ മീനുകളില്‍ ഏറ്റവും പെട്ടെന്ന് പെരുകുന്ന ഒരിനമാണ് തിലോപ്പിയ. ആണ്‍മത്സ്യം തയ്യാറാക്കുന്ന ഇടങ്ങളില്‍ മുട്ടയിടുന്ന പെണ്‍മത്സ്യങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മുട്ടകള്‍ തന്റെ വായില്‍ സൂക്ഷിക്കുകയും വിരിയുന്ന കുഞ്ഞുങ്ങളെ വീണ്ടും കുറച്ച് ദിവസങ്ങള്‍ വായിലും ചെകിളകള്‍ക്കിടയിലും സൂക്ഷിക്കുകയും ചെയ്യുന്നു. ഒരു തവണ മുപ്പത് നാല്പത് കുഞ്ഞുങ്ങള്‍ വരെ ഉണ്ടാകാറുണ്ട്. ഇവയെ ശല്യക്കാരായ മത്സ്യങ്ങളുടെ (
Invasive species) ഗണത്തില്‍ പെടുത്താന്‍ ഈ പെരുകല്‍ കാരണമാക്കുന്നു. ഇവ നിറയുന്ന ജലാശയങ്ങളില്‍ മറ്റു മത്സ്യങ്ങളുടെ ജീവനത്തെ തന്നെ ഇവ ബുദ്ധിമുട്ടിലാക്കുന്നു.
ഇനി രുചിയെപറ്റി പറഞ്ഞാല്‍ അത്ര രുചിയുള്ള മീനാണ് തിലോപ്പിയ എന്നെനിക്ക് തോന്നിയിട്ടില്ല. വറുത്താല്‍ കുഴപ്പമില്ല എന്ന് മാത്രം.
Spotted thilapia എന്നത് ഇവയിലെ ഒരിനമാണ്.
അല്‍-ഐനിലെ തടാകത്തിലെ തിലോപ്പിയകള്‍
pictures : own & diff websites