ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

January 30, 2009

കരിങ്കണ, ഈ ചെറിയവനെ അറിയുമോ?

കരിങ്കണ

ഇന്ന് ഒരു ചെറിയ മീനിനെ പരിചയപ്പെടാം. പേര് "കരിങ്കണ". ഇംഗ്ലീഷ് പേര് Pseudosphromenus cupanus, macropodus cupanus . (ഇത് കാണൂ). ഈ മീനിനെ പൊതുവേ ഒരു അക്വേറിയം ഫിഷ് ആയിട്ടാണ് കണക്കാക്കുന്നത്. പക്ഷേ കോട്ടയം, ആലപ്പുഴ ജില്ലകളിലെ പാടങ്ങള്‍ക്കിടയിലെ ചെറിയ കൈത്തോടുകളില്‍ കിടക്കുന്ന ഓരോ ഇലയുടെ അടിയിലും കാണും ഓരോ കരിങ്കണ. കേരളത്തിലെ ഓരോ ചെറിയ അരുവികളിലും തോടുകളിലും ഇവ കാണും എന്ന് തോന്നുന്നു .


പൊതുവേ കാണപ്പെടുന്നവയ്ക്ക് മൂന്ന്-നാല് സെന്റിമീറ്റര്‍ വലിപ്പമാണുള്ളത്. മാക്സിമം അഞ്ച്-ആറ് സെന്റിമീറ്റര്‍ നീളം മാത്രമേ ഇവയ്ക്കുള്ളൂ.ഇവയെ പിടിച്ച് ചൂണ്ടയില്‍ കൊരുക്കാന്‍ ഇരയായും, വീട്ടുമുറ്റത്തെ ടാങ്കില്‍ കിടക്കുന്ന വരാലിന് ഭക്ഷണമായും ഒക്കെ കൊടുത്തിട്ടുണ്ട്.

പണ്ടൊക്കെ ഇവയിലെ നല്ല കളര്‍ ഉള്ളവയെ പിടിച്ച് കുപ്പിയിലിട്ട് മേശപ്പുറത്ത് വച്ചിട്ടുണ്ട്. പല തരത്തിലുള്ള കരിങ്കണകള്‍ നമ്മുടെ നാട്ടില്‍ കാണപ്പെടുന്നുണ്ട്. വാലു നീണ്ടതും ചുവന്ന കളറില്‍ ഉള്ളതും ഒക്കെയുണ്ട്.


നമ്മുടെ നാട്ടില്‍ പൊതുവേ കാണപ്പെടുന്ന മറ്റൊരിനം കരിങ്കണയാണ് Pseudosphromenus dayi. നീണ്ട വാലുകള്‍ ഉള്ള ഇവയെ കാണാന്‍ ഇത്തിരി ഭംഗി കൂടുതല്‍ ഉണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട് : Informatie Gids

January 25, 2009

തിലോപ്പിയ (Oreochromis mossambicus)

തിലോപ്പിയ

Cichlids കുടുംബത്തില്‍ പെട്ട ആഫ്രിക്കക്കാരനായ തിലോപ്പിയ, അഥവാ Mozambique Mouthbrooder, (Oreochromis mossambicus) ലോകത്തിലെ ഒരുവിധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ധാരാളമായി കാണുന്ന ഒരു മീനാണ്. പ്രത്യേകിച്ച് നമ്മുടെ ഡാമുകളിലും ജലാശയങ്ങളിലും. പക്ഷേ ഇവ പണ്ടൊക്കെ ഞങ്ങളുടെ നാടായ കോട്ടയത്തും പരിസരങ്ങളിലും വളരെ കുറവായിരുന്നു. പക്ഷേ മത്സ്യകൃഷി തുടങ്ങിയതോടെ പലയിടത്തും ഇവ കാണപ്പെടുന്നുണ്ട്.


തിലാപ്പിയ, തിലോപ്പി എന്നൊക്കെ പറയുന്ന ഇവനെ സിലോപ്പി എന്നു വരെ പറയുന്നവര്‍ ഉണ്ട്. ചെളിവെള്ളമാണെങ്കിലും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളമാണെങ്കിലും മലിനജലമാണെങ്കിലും ഇവയ്ക്ക് ഒരു പ്രശ്നവുമില്ല. ഒരു കുഴപ്പവുമില്ലാതെ അവ ജീവിക്കും. മലിനജലത്തില്‍ജീവിക്കുന്നതു കൊണ്ടു തന്നെ ഇവയെ നമ്മുടെ നാട്ടില്‍ പലരും കറിക്ക് ഉപയോഗിക്കില്ലായിരുന്നു. (ഉദാഹരണത്തിന് കൊച്ചിയിലെ മലിനജലം ഒഴുകുന്ന ഓടകളില്‍ എല്ലാം ഇവയെ ധാരാളം കാണാമായിരുന്നു, കൊതുകു നിവാരണത്തിന് ഇവന്‍ കുറെയൊക്കെ സഹായിക്കുന്നുണ്ട്).ഒരടി വരെ വലുതാകുന്ന തിലോപ്പിയക്ക് ഭാരം ഒരു കിലോയില്‍ കൂടുതല്‍ വരെ കാണപ്പെടുന്നു. ഇവ പല നിറത്തിലും തരത്തിലും കാണപ്പെടുന്നുണ്ട്.


അതുപോലെ ലോകത്തിലെ മീനുകളില്‍ ഏറ്റവും പെട്ടെന്ന് പെരുകുന്ന ഒരിനമാണ് തിലോപ്പിയ. ആണ്‍മത്സ്യം തയ്യാറാക്കുന്ന ഇടങ്ങളില്‍ മുട്ടയിടുന്ന പെണ്‍‌മത്സ്യങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മുട്ടകള്‍ തന്റെ വായില്‍ സൂക്ഷിക്കുകയും വിരിയുന്ന കുഞ്ഞുങ്ങളെ വീണ്ടും കുറച്ച് ദിവസങ്ങള്‍ വായിലും ചെകിളകള്‍ക്കിടയിലും സൂക്ഷിക്കുകയും ചെയ്യുന്നു. ഒരു തവണ മുപ്പത് നാല്പത് കുഞ്ഞുങ്ങള്‍ വരെ ഉണ്ടാകാറുണ്ട്. ഇവയെ ശല്യക്കാരായ മത്സ്യങ്ങളുടെ (Invasive species) ഗണത്തില്‍ പെടുത്താന്‍ ഈ പെരുകല്‍ കാരണമാക്കുന്നു. ഇവ നിറയുന്ന ജലാശയങ്ങളില്‍ മറ്റു മത്സ്യങ്ങളുടെ ജീവനത്തെ തന്നെ ഇവ ബുദ്ധിമുട്ടിലാക്കുന്നു.ഇനി രുചിയെപറ്റി പറഞ്ഞാല്‍ അത്ര രുചിയുള്ള മീനാണ് തിലോപ്പിയ എന്നെനിക്ക് തോന്നിയിട്ടില്ല. വറുത്താല്‍ കുഴപ്പമില്ല എന്ന് മാത്രം.Spotted thilapia എന്നത് ഇവയിലെ ഒരിനമാണ്.അല്‍-ഐനിലെ തടാകത്തിലെ തിലോപ്പിയകള്‍

pictures : own & diff websites

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍