ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

January 25, 2009

തിലോപ്പിയ (Oreochromis mossambicus)

തിലോപ്പിയ

Cichlids കുടുംബത്തില്‍ പെട്ട ആഫ്രിക്കക്കാരനായ തിലോപ്പിയ, അഥവാ Mozambique Mouthbrooder, (Oreochromis mossambicus) ലോകത്തിലെ ഒരുവിധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ധാരാളമായി കാണുന്ന ഒരു മീനാണ്. പ്രത്യേകിച്ച് നമ്മുടെ ഡാമുകളിലും ജലാശയങ്ങളിലും. പക്ഷേ ഇവ പണ്ടൊക്കെ ഞങ്ങളുടെ നാടായ കോട്ടയത്തും പരിസരങ്ങളിലും വളരെ കുറവായിരുന്നു. പക്ഷേ മത്സ്യകൃഷി തുടങ്ങിയതോടെ പലയിടത്തും ഇവ കാണപ്പെടുന്നുണ്ട്.


തിലാപ്പിയ, തിലോപ്പി എന്നൊക്കെ പറയുന്ന ഇവനെ സിലോപ്പി എന്നു വരെ പറയുന്നവര്‍ ഉണ്ട്. ചെളിവെള്ളമാണെങ്കിലും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളമാണെങ്കിലും മലിനജലമാണെങ്കിലും ഇവയ്ക്ക് ഒരു പ്രശ്നവുമില്ല. ഒരു കുഴപ്പവുമില്ലാതെ അവ ജീവിക്കും. മലിനജലത്തില്‍ജീവിക്കുന്നതു കൊണ്ടു തന്നെ ഇവയെ നമ്മുടെ നാട്ടില്‍ പലരും കറിക്ക് ഉപയോഗിക്കില്ലായിരുന്നു. (ഉദാഹരണത്തിന് കൊച്ചിയിലെ മലിനജലം ഒഴുകുന്ന ഓടകളില്‍ എല്ലാം ഇവയെ ധാരാളം കാണാമായിരുന്നു, കൊതുകു നിവാരണത്തിന് ഇവന്‍ കുറെയൊക്കെ സഹായിക്കുന്നുണ്ട്).



ഒരടി വരെ വലുതാകുന്ന തിലോപ്പിയക്ക് ഭാരം ഒരു കിലോയില്‍ കൂടുതല്‍ വരെ കാണപ്പെടുന്നു. ഇവ പല നിറത്തിലും തരത്തിലും കാണപ്പെടുന്നുണ്ട്.


അതുപോലെ ലോകത്തിലെ മീനുകളില്‍ ഏറ്റവും പെട്ടെന്ന് പെരുകുന്ന ഒരിനമാണ് തിലോപ്പിയ. ആണ്‍മത്സ്യം തയ്യാറാക്കുന്ന ഇടങ്ങളില്‍ മുട്ടയിടുന്ന പെണ്‍‌മത്സ്യങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മുട്ടകള്‍ തന്റെ വായില്‍ സൂക്ഷിക്കുകയും വിരിയുന്ന കുഞ്ഞുങ്ങളെ വീണ്ടും കുറച്ച് ദിവസങ്ങള്‍ വായിലും ചെകിളകള്‍ക്കിടയിലും സൂക്ഷിക്കുകയും ചെയ്യുന്നു. ഒരു തവണ മുപ്പത് നാല്പത് കുഞ്ഞുങ്ങള്‍ വരെ ഉണ്ടാകാറുണ്ട്. ഇവയെ ശല്യക്കാരായ മത്സ്യങ്ങളുടെ (Invasive species) ഗണത്തില്‍ പെടുത്താന്‍ ഈ പെരുകല്‍ കാരണമാക്കുന്നു. ഇവ നിറയുന്ന ജലാശയങ്ങളില്‍ മറ്റു മത്സ്യങ്ങളുടെ ജീവനത്തെ തന്നെ ഇവ ബുദ്ധിമുട്ടിലാക്കുന്നു.



ഇനി രുചിയെപറ്റി പറഞ്ഞാല്‍ അത്ര രുചിയുള്ള മീനാണ് തിലോപ്പിയ എന്നെനിക്ക് തോന്നിയിട്ടില്ല. വറുത്താല്‍ കുഴപ്പമില്ല എന്ന് മാത്രം.



Spotted thilapia എന്നത് ഇവയിലെ ഒരിനമാണ്.



അല്‍-ഐനിലെ തടാകത്തിലെ തിലോപ്പിയകള്‍

pictures : own & diff websites

21 comments:

അനില്‍ശ്രീ said...

Cichlids കുടുംബത്തില്‍ പെട്ട ആഫ്രിക്കക്കാരനായ തിലോപ്പിയ, അഥവാ Mozambique Mouthbrooder, (Oreochromis mossambicus) ലോകത്തിലെ ഒരുവിധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ധാരാളമായി കാണുന്ന ഒരു മീനാണ്. പ്രത്യേകിച്ച് നമ്മുടെ ഡാമുകളിലും ജലാശയങ്ങളിലും. പക്ഷേ ഇവ പണ്ടൊക്കെ ഞങ്ങളുടെ നാടായ കോട്ടയത്തും പരിസരങ്ങളിലും വളരെ കുറവായിരുന്നു. പക്ഷേ മത്സ്യകൃഷി തുടങ്ങിയതോടെ പലയിടത്തും ഇവ കാണപ്പെടുന്നുണ്ട്.

പകല്‍കിനാവന്‍ | daYdreaMer said...

ഫിലിപ്പിനോകളുടെ ഇഷ്ടപ്പെട്ട മീനാണ് തിലാപ്പിയാ...
:)

ചാണക്യന്‍ said...

വറുത്താല്‍ നല്ല ടേസ്റ്റാണ് ഇവന്...
നാട്ടിലെ കുളങ്ങളില്‍ ആവശ്യത്തിനുണ്ട്...ഒറ്റയരുപ്പിനു കുറെയെണ്ണത്തെ കിട്ടുമെന്നതിനാല്‍ അധികം മെനക്കെടാതെ ചില സായാഹ്നങ്ങള്‍ ആഘോഷപ്രദമാക്കാന്‍ ഇവനെ കൂട്ടാറുണ്ട്....

Mr. K# said...

ഇവനു കല്ലട എന്ന മീനുമായി സാദൃശമുണ്ട്.

ശ്രീവല്ലഭന്‍. said...

വര്‍ഷങ്ങള്‍ക്കു മുന്‍പ് തിലാപ്പിയ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ എന്ന ഒരു സംഘടനയിലെ ഒരു ഉദ്യോഗസ്ഥനെ പരിചയപ്പെട്ടിരുന്നു. വെറുതെ സെര്‍ച്ച് ചെയ്തപ്പോള്‍ കുറെ ലിന്കുകള്‍ കണ്ടു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം: http://aquafind.com/info/TilapiaLinks.php

Jayasree Lakshmy Kumar said...

രണ്ടു കൃഷികൾക്കിടയിലുള്ള സമയത്ത് പാടങ്ങളിൽ നിന്ന് കരിമീന്റെ കൂടെ ഇവയേയും കിട്ടാറുണ്ട്. പലർക്കും വലിയ ഇഷ്ടമില്ലാത്ത ഈ മീൻ വറുത്താലും കറി വച്ചാലും എന്റെ ഇഷ്ടാഹാരമാണ്. തിലോപ്പിയ പാടങ്ങളിൽ നിന്ന് ഫ്രെഷ് ആയി കിട്ടുന്നതേ വീട്ടിൽ വാങ്ങാറുള്ളു. പുഴയിൽ നിന്നുള്ളവ വാങ്ങാറില്ല

ഹരീഷ് തൊടുപുഴ said...

സിലോപ്പി എനിക്ക് പണ്ട് നല്ല ഇഷ്ടമായിരുന്നു; കരിമീന്റെ കുഞ്ഞനിയത്തി എന്നാണിവയെ അറിഞ്ഞൂകൊണ്ടിരുന്നത്. പക്ഷേ ഇപ്പോള്‍ വരുന്ന സിലോപ്പിക്ക് ഒരു സ്വാദുമില്ല. അതുകൊണ്ടുതന്നെ ഇത് ഇപ്പോള്‍ വാങ്ങിക്കാറുമില്ല...

t.k. formerly known as thomman said...

എന്റെ നാട്ടില്‍ ഇതിനെ പിലോപ്പി എന്നാണ് പറയാറ്. പണ്ട് വേനല്‍ക്കാലത്ത് ഈ മത്സ്യം കായലില്‍ നിന്ന് പുഴയിലേക്ക് ഇറങ്ങുമ്പോള്‍ ധാരാളം കിട്ടുമായിരുന്നു. ഏറ്റവും രുചിയുള്ള മീനുകളില്‍ ഒന്നായിരുന്നു ഞങ്ങള്‍ അങ്ങനെ പിടിച്ചിരുന്ന പിലോപ്പി അഥവാ തിലാപ്പിയ. അന്ന് കരിമീനൊക്കെ കിട്ടുമായിരുന്നെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്നത് പിലോപ്പി മൊത്തം പൊരിച്ചെടുത്തതായിരുന്നു.

ഇവിടെ അമേരിക്കയില്‍ ഫാമുകളില്‍ നിന്ന് വരുന്ന ഒരു പ്രധാന മീന്‍ തിലാപ്പിയ ആണ്. പൊതുവേ വിലക്കുറഞ്ഞ ഈ മീന്‍ മുഴുവനെ ഡീപ്ഫ്രൈ ചെയ്ത് ആള്‍ക്കാര്‍ വാങ്ങിക്കൊണ്ടു പോകുന്നതുകാണാം. ഞങ്ങള്‍ വല്ലപ്പോഴും മീന്‍ പാലുകറി വയ്ക്കാന്‍ ഇത് വാങ്ങും. ഇതിന്റെ മാംസം മാത്രമായിട്ടും (ഫിലേ) വാങ്ങാന്‍ കിട്ടും. അതില്‍ ഉപ്പും മുളകും നാരങ്ങാനീരൊക്കെ പുരട്ടി ഗ്രില്ലോ ബേക്കോ ചെയ്താല്‍ നല്ല രുചിയാണ്.

ജ്വാല said...

എന്തായാലും ഈ fishery science നന്നാകുന്നു….

Kannapi said...

തൃശൂര്‍ ഭാഗത്തുള്ള കരിപിടി ഈ കുടുംബം ആണ്ണോ ?

ദീപക് രാജ്|Deepak Raj said...

ഞങ്ങളുടെ നാട്ടില്‍ സിലോപ്പിയ എന്നുവിളിക്കുമെങ്കിലും വലിയ പരിചയമില്ലായിരുന്നു,. കുവൈറ്റില്‍ കരിമീന്‍ ആണെന്ന് പറഞ്ഞു ഒരു കോഴിക്കോടന്‍ ഇക്കായുടെ കടയില്‍ നിന്നു സ്ഥിരം കഴിക്കുമായിരുന്നു, അപ്പോഴൊക്കെ ഇതാണോ കരിമീന്‍.. കരിമീന്‍ വറുത്തതുണ്ട് എന്നൊക്കെ പറഞ്ഞു പാടുന്ന പാട്ടിലെ കരിമീന് ഇത്രയും സ്വാദെ ഉള്ളോ എന്നൊക്കെ തോന്നിയിരുന്നു...
പക്ഷെ പിന്നീട് കുമരകത്ത് പോയപ്പോഴാണ് കരിമീന്‍ കഴിച്ചതും സിലോപ്പിയയാണ് വ്യാജകരിമീനായി നമ്മുടെ കോഴിക്കോടന്‍ ഇക്ക കഴിപ്പിച്ചതെന്നും..
പിന്നീട് നാട്ടില്‍ വന്നപ്പോള്‍ വീട്ടിലെ കുളത്തില്‍ കുറെയെണ്ണം നിക്ഷേപിച്ചു..പ്രത്യേക തീറ്റകള്‍ ഒന്നും ഇല്ലെങ്കിലും സാമാന്യം നന്നായി പെരുകുകയും വളരുകയും ചെയ്തു..
പക്ഷെ വീട്ടിലെ സിലോപ്പിയ അല്പം കൂടി വൃത്താകൃതിയില്‍ ഉള്ളതും കറമ്പനും ആണ്.. കണ്ടാലും പണ്ടെന്നെ പറ്റിച്ച വ്യാജകരിമീനെ പോലെ..
പക്ഷെ ഇവനെ പാവങ്ങളുടെ കരിമീന്‍ എന്ന് വിളിക്കാന്‍ ആണ് എനിക്കിഷ്ടം..

Azeez . said...

azeezks@gmail.com

ഈ മീനിനു ഇടപ്പള്ളി പ്രദേശങ്ങളില്‍ പിലോപ്പി എന്ന് വിളിക്കാറുണ്ടു.
"തറവാട്ടുകാര്‍" 200 Rs കൊടുത്തു കരിമീന്‍ വാങ്ങികൊണ്ടുപോകുമ്പോള്‍ "ശുദ്ധിയില്ലാത്ത" സാധുക്കള്‍ ഈ മീനാണ് കരിമീനായി വാങ്ങുന്നത്. രണ്ടും ഒരേ കെട്ടില്‍ നിന്നും.
കാനഡയില്‍ ഒരു ഹോട്ടലില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇവിടെ ഈ മീന്‍ വിലകൂടിയഒരു ഇനമാണ്. കത്തോലിക്ക രാജ്യമായതുകൊണ്ടുകൂടിയാകും ഈ Tilapia യെ ഇവര്‍ St:Peter's Fish എന്നും മെനുകാര്‍ഡില്‍ എഴുതിവച്ചിട്ടുണ്ടു.വലിയ വിലകൊടുത്തു വെള്ളക്കാര്‍ ഈ സ്പെഷ്യാലിറ്റിയെ അകത്താക്കുന്നത് കണ്ടു ഡിഷ്‌ വാഷര്‍് ആയ ഞാന്‍ ചിരിച്ചു പോകും
Azeez from Calgary

Liju Kuriakose said...

ഈയിടെ ഒരു മീന്‍ കടയില്‍ ഇവനെ വില്‍ക്കുന്നതു കണ്ടു. പേര് എന്താണെന്നറിയണ്ടെ? കേരളാ കരിമീന്‍.

സാക്ഷാല്‍ കരിമീ‍ന്‍ എങ്ങാണ്ട് ഉഗാണ്ടേന്നോള്ളതാന്നൊള്ളപോലെ.

SP said...

തിലോപ്പിയ കറിവെക്കാത്തതു അതിന്റെ മാംസത്തിന് നേരിയ മധുരം ഉള്ളതിനാൽ ആണ്. എന്നാലും, ഉപ്പുവെള്ളത്തിലെ തിലോപ്പിയക്ക് കരിമീനെക്കാൾ സ്വാദ് ഉണ്ടാകുമെന്ന ചില സമയത് കണ്ടിട്ടുണ്ട്. തിലോപ്പിയ വറുക്കാൻ നല്ലതാണ്. ഷാപ്പിലെ കറികളിൽ ഒഴിവാക്കാനാകാത്ത ഉള്ള ഒരു കറി ആണ് തിലോപ്പിയ ഫ്രൈ.

SP said...

പാവങ്ങളുടെ കരിമീൻ എന്നും ഇതിനെ വിളിക്കാറുണ്ട്.

Subin Scaria said...

ബ്ലോഗ് വളരെ ഇഷ്ടപ്പെട്ടു. വളരെ ഉപകാര പ്രദമാണ്. മീനുകളെ പറ്റി പഠിക്കാൻ ഇന്റർനെറ്റിൽ പരതിയപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞപോലെയാണ് ഈ ബ്ലോഗ് കണ്ടത്. അറിവുകൾ പങ്കുവെക്കുന്നതിനു ഒത്തിരി നന്ദി. കാസറഗോഡ് താമസിക്കുന്ന ഇടുക്കി കാരനായ ഒരാളാണ് ഞാൻ. മീൻ പിടുത്തിൽ അല്പം കമ്പം ഉള്ളതിനാൽ ഒഴിവു സമയങ്ങളിൽ ചൂണ്ടയുമായി ഇറങ്ങാറുണ്ട്. ഇവിടെ ആളുകൾ സാധാരണ ഇര ആയി ഉപയോഗിക്കാറ് മത്തിയും ചെമ്മെനും ആണ്. പക്ഷെ തിലോപിയ, കരിമീൻ പോലുള്ള മൽസ്യങ്ങൾക്കു അത് പോരെന്നു തോന്നുന്നു.എന്താണ് ഇവയെ പിടിക്കാനുള്ള ഇര എന്നൊന്ന് പറഞ്ഞു തരുവോ? ഇടുക്കിയിലും മറ്റും ഡാമിൽ മീൻ പിടിക്കാൻ പോകുന്നവർ പച്ച കപ്പ അരച്ചതും മഞ്ഞൾ പൊടിയും ചേർത്ത് ഒരു തീറ്റ ഉണ്ടാക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. അത് എങ്ങനെയാണെന്നും അറിയാൻ താൽപര്യമുണ്ട്.

Subin Scaria said...

ബ്ലോഗ് വളരെ ഇഷ്ടപ്പെട്ടു. വളരെ ഉപകാര പ്രദമാണ്. മീനുകളെ പറ്റി പഠിക്കാൻ ഇന്റർനെറ്റിൽ പരതിയപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞപോലെയാണ് ഈ ബ്ലോഗ് കണ്ടത്. അറിവുകൾ പങ്കുവെക്കുന്നതിനു ഒത്തിരി നന്ദി. കാസറഗോഡ് താമസിക്കുന്ന ഇടുക്കി കാരനായ ഒരാളാണ് ഞാൻ. മീൻ പിടുത്തിൽ അല്പം കമ്പം ഉള്ളതിനാൽ ഒഴിവു സമയങ്ങളിൽ ചൂണ്ടയുമായി ഇറങ്ങാറുണ്ട്. ഇവിടെ ആളുകൾ സാധാരണ ഇര ആയി ഉപയോഗിക്കാറ് മത്തിയും ചെമ്മെനും ആണ്. പക്ഷെ തിലോപിയ, കരിമീൻ പോലുള്ള മൽസ്യങ്ങൾക്കു അത് പോരെന്നു തോന്നുന്നു.എന്താണ് ഇവയെ പിടിക്കാനുള്ള ഇര എന്നൊന്ന് പറഞ്ഞു തരുവോ? ഇടുക്കിയിലും മറ്റും ഡാമിൽ മീൻ പിടിക്കാൻ പോകുന്നവർ പച്ച കപ്പ അരച്ചതും മഞ്ഞൾ പൊടിയും ചേർത്ത് ഒരു തീറ്റ ഉണ്ടാക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. അത് എങ്ങനെയാണെന്നും അറിയാൻ താൽപര്യമുണ്ട്.

Unknown said...

സിലോപി സിലോപി എനിക്ക് എൻറ്റെ കൂടുക്കാർ ഇട്ട ടൈറ്റ് പേര് ഓഓഓ പണ്ട് അറിയാതെ കിണറ്റിൽ ഇട്ടതിനു കുറേ കാലം കഴിഞ്ഞു അമ്മയുടെ കയ്യിൽ നിന്നും നല്ല അടി വാങ്ങിയത് നല്ല ഓർമയുണ്ട് ഈ പണ്ടാറമടങിയ മീൻ പെട്ടെന്ന് പെറ്റ് പെരുകി അവസാനം കിണറ് തന്നെ വറ്റികേണ്ടി വന്നു അയ്യോ

Unknown said...

മണ്ണിര .പുൽച്ചാടി .ഇറച്ചി വേസ്റ്റ്....

Unknown said...

സൗദിയിൽ ഞങ്ങൾ ഇത് ഇടയ്ക്ക് കഴിക്കാറുണ്ട്
അറബി സ്റ്റൈലിൽ പൊരിച്ചാൽ വലിയ കുഴപ്പമില്ല ഇല്ല നാട്ടിലാണെങ്കിൽ പുഴയിലെ തിലോപ്പിയക്ക് നല്ല രുചിയാണ്

Unknown said...

അതെ

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍