ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

November 4, 2008

കരിമീന്‍, പള്ളത്തി

കരിമീന്‍ (Etroplus suratensis )
ഇന്ന് പറയാന്‍ പോകുന്നത് മീന്‍ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്കും കേരളം സന്ദര്‍ശിക്കുന്ന വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട കരിമീന്‍ അഥവാ Pearl Spot-നെ പറ്റിയാണ്. കരിമീന്‍ അറിയാത്തവര്‍ ഉണ്ടാകും എന്ന് വിശ്വസിക്കുന്നില്ല. കരിമീന്‍ പ്രാച്ചി എന്നും ഇതിനെ പറയുന്നത് കേട്ടിട്ടുണ്ട്.

Etroplus suratensis എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കരിമീന്‍ ഒരു ശുദ്ധജലമത്സ്യം ആണ്. കേരളത്തില്‍ വേമ്പനാട് കായലില്‍ ഇവ സമൃദ്ധമായി കാണുന്നു. മറ്റു കായലുകളില്‍ ഇവ ഉണ്ടെങ്കിലും ചെളി കുറവായതിനാല്‍ വേമ്പനാട്ടു കായലിലെ കരിമീന് സ്വാദ് കൂടുതലാണെന്ന് പറയുന്നു.

Genus :Etroplus Cuvier
Scientific name :Etroplus Suratensis (Bloch)
English name :Pearl-spot

സാഹയുടെ കരിമീന്‍! Etroplus Suratensis എന്ന പോസ്റ്റില്‍ നിന്നും ഒരു പടം. (ചോദിക്കാതെ എടുത്തതിന് ക്ഷമാപണം)
രണ്ട് കിലോ വരെ വലുപ്പമുള്ള കരിമീനെ കണ്ടിട്ടുണ്ട്. പക്ഷേ പൊതുവേ കണ്ടു വരുന്നത് 200-300ഗ്രാം ഉള്ളവയാണ്. അതിലും വലുതാകാന്‍ മനുഷ്യര്‍ അവയെ അനുവദിക്കുന്നില്ല. കരിമീന് പൊതുവേ കരിമ്പച്ച കളര്‍ ആണുള്ളത്. പുറത്ത് കുറുകെ എട്ട് വരകള്‍ കാണപ്പെടുന്നു. കരിമീന്റെ ചെതുമ്പല്‍ അടികൂട്ടി ചെത്തി എടുക്കുകയാണ് ചെയ്യുന്നത്. പിന്നെ നല്ല കരുമുരാ വറുത്തെടുത്താല്‍ !!!
********* ********** **********
പള്ളത്തി (Etroplus Maculatus)

ഇനി ഇവന്റെ വംശത്തില്‍ പെട്ട ഒരു ചെറിയ ഇനത്തിനെ പരിചയപ്പെടാം. പള്ളത്തി എന്ന് ഞങ്ങള്‍ പറയുന്ന Etroplus Maculatus. ഇവയ്ക്ക് കരിമീന്റെ ഷേപ്പ് മാത്രമേ ഉള്ളൂ. കളറും വലിപ്പവും എല്ലാം വ്യത്യാസമാണ്. മഞ്ഞപ്പള്ളത്തി, കറുത്ത പള്ളത്തി എന്നീ രണ്ടിനം ആണ് പൊതുവേ കണ്ടുവരുന്നത്. മുഴുവന്‍ മഞ്ഞനിറമുള്ളവ കേരളത്തില്‍ കുറവാണ്, പകരം കുറച്ച് ഭാഗം മാത്രം മഞ്ഞ നിറമുള്ളവയാണുള്ളത്.
...


മണ്‍സൂണ്‍ മഴക്ക് പാടങ്ങളില്‍ കയറുന്ന പള്ളത്തികള്‍ തുലാമാസമാകുമ്പോഴേക്ക് കുഞ്ഞുങ്ങളുമായി തിരികെ ആറ്റിലേക്ക് കൂട്ടം കൂട്ടമായി എത്തുന്നു. ആ സമയത്ത് വല നിറയെ പള്ളത്തിയെ കിട്ടാറുണ്ടായിരുന്നു. തല കളഞ്ഞ് വെട്ടി വറുത്താല്‍ പെറുക്കി പെറുക്കി തിന്നാല്‍ മതി. മിച്ചം വരുന്നവ ഉണങ്ങി സൂക്ഷിച്ചിരുന്നു.
...

Image Courtesy : Different Websites (Extending thanks)

40 comments:

അനില്‍ശ്രീ said...

ഇന്ന് പറയാന്‍ പോകുന്നത് മീന്‍ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്കും കേരളം സന്ദര്‍ശിക്കുന്ന വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട കരിമീന്‍ അഥവാ Pearl Spot-നെ പറ്റിയാണ്. കരിമീന്‍ അറിയാത്തവര്‍ ഉണ്ടാകും എന്ന് വിശ്വസിക്കുന്നില്ല. കരിമീന്‍ പ്രാച്ചി എന്നും ഇതിനെ പറയുന്നത് കേട്ടിട്ടുണ്ട്.

Etroplus suratensis എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കരിമീന്‍ ഒരു ശുദ്ധജലമത്സ്യം ആണ്. കേരളത്തില്‍ വേമ്പനാട് കായലില്‍ ഇവ സമൃദ്ധമായി കാണുന്നു. മറ്റു കായലുകളില്‍ ഇവ ഉണ്ടെങ്കിലും ചെളി കുറവായതിനാല്‍ വേമ്പനാട്ടു കായലിലെ കരിമീന് സ്വാദ് കൂടുതലാണെന്ന് പറയുന്നു.

കുതിരവട്ടന്‍ :: kuthiravattan said...

കരിമീന്‍ മുട്ടയിടുന്നത് കരയോടടുപ്പിച്ചാൺ. ആ സമയത്ത് ആരെന്കിലും അവിടെ കുളിക്കാനെങ്ങാനും ഇറങ്ങിയാൽ കടിച്ചോടിക്കും.

അപ്പു said...

അനില്‍, വ്യത്യസ്തമായ ഒരു ബ്ലോഗ്. ഇന്‍ഫൊര്‍മേറ്റീവ്.

ഒരു അഭിപ്രായം പറയട്ടെ: ഇത്തരം പൊതുവിജ്ഞാനപ്രദമായ പോസ്റ്റുകള്‍ക്ക് താഴെ റെഫറന്‍സ്, കൂടുതല്‍ വായിക്കുവാന്‍ തുടങ്ങിയ തലക്കെട്ടില്‍ മറ്റു വെബ് പേജുകള്‍ ലഭ്യമാണെങ്കില്‍ കൊടുക്കുന്നത് നന്നായിരിക്കും.

അപ്പു said...

അനില്‍, ഗള്‍ഫ് മാര്‍ക്കറ്റില്‍ ലഭ്യമായ സിലോപ്പിയ എന്നുവിളിക്കുന്ന, ഇതുപോലെ വരകളുള്ള കറുത്തമീന്‍ കരിമീന്‍ ഫാമിലിയാണോ? ഇതുപക്ഷേ കടല്‍ മത്സ്യമാണ്.

ശ്രീ said...

നല്ല പോസ്റ്റ് മാഷേ... ചിത്രങ്ങളും നന്നായി

കുഞ്ഞന്‍ said...

കരിമീനില്ലാത്ത കള്ളുഷാപ്പ് കുറവാണെന്ന് ഞാന്‍ ആണയിട്ടു പറയുന്നു. പക്ഷെ പറ്റിപ്പ് അതിലും വലിയതും, ഫിലോപ്പി എന്നു വിളിക്കുന്ന അപരന്‍ കരിമീന്‍ ഇവനെയാണ് കരിമീനെന്ന പേരില്‍ ഷാപ്പില്‍ കൊടുക്കാറ്..പാവങ്ങളില്‍ പാവങ്ങളായ കുടിയന്മാര്‍ ഇതു വല്ലതും നോക്കാന്‍ മിനക്കെടാറുണ്ടൊ..??

കരിമീന്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന സ്ഥലം ബാറും കള്ള് ഷാപ്പും ആണ്.

എവിടെ വലയിട്ടാലും ഒരു പള്ളത്തിയെങ്കിലും കുടുങ്ങാതിരിക്കില്ല, കടലില്‍ ഒഴികെ

അനില്‍ശ്രീ... said...

കുതിരവട്ടന്‍... വെള്ളം കയറിയ പാടങ്ങളുടെ അടിയില്‍ 'നിലപ്പന' എന്നൊരു ചെടി കാണാം. അതിന് ചുറ്റും ആണ് കരിമീന്‍ മുട്ടയിട്ടു നില്‍ക്കാറുള്ളത്. ഇപ്പോള്‍ പിന്നെ തരിശായി കിടക്കുന്ന പല പാടങ്ങളും ഉണ്ടല്ലോ...

അപ്പു.. അഭിപ്രായം മാനിച്ചിരിക്കുന്നു. അക്കാര്യം ഏറ്റു. ഇതു വരെയുള്ള വിവരണങ്ങള്‍ കൂടുതലും എന്റെ സ്വന്തമായുള്ള അഭിപ്രായങ്ങള്‍ ആണ്. പക്ഷേ കടല്‍ മത്സ്യങ്ങളെ പറ്റി പറയാന്‍ റഫറന്‍സുകള്‍ കൊടുക്കേണ്ടി വരും എന്നറിയാം.

ശ്രീ.. നന്ദി

അനില്‍ശ്രീ... said...

അപ്പു.. തിലോപ്പിയും കരിമീനുമായി ഒരു ബന്ധവുമില്ല... അനര്‍ ചേട്ടാനിയന്മാര്‍ അല്ല. അതു പോലെ തിലോപ്പി ഒരു കടല്‍ മത്സ്യവും അല്ല.. ഇതു തന്നെയല്ലേ ഉദ്ദേശിച്ച സാധനം?

കുഞ്ഞാ..എല്ലാ കള്ളുകുടിയന്മാരെയും തിലോപ്പിയ കൊടുത്ത് പറ്റിക്കാം എന്ന് കരുതരുത്. തിലോപ്പിയായുടെ മാംസത്തിന് കനം കൂടും..

ബിന്ദു കെ പി said...

വിവരങ്ങൾക്ക് നന്ദി അനിൽ. പള്ളത്തിയെപ്പറ്റി ആദ്യമായിട്ടാണ് കേൾക്കുന്നത്.
(മീനുകളെ കുറിച്ചൊക്കെ വിവരം കമ്മിയായ എനിക്ക് ഈ ബ്ലോഗ് വളരെ ഉപകാരപ്രദമാണ്. കടുത്ത സസ്യാഹാരച്ചിട്ടയിൽ വളർന്ന ഞാൻ മീനൊക്കെ കഴിയ്ക്കാനും ഉണ്ടാക്കാനും തുടങ്ങിയത് വലുതായി,തറവാടിന് പുറത്തുകടന്ന ശേഷമാണ്.)

BS Madai said...

എന്റെ അനില്‍ശ്രീ.. ഇങ്ങനെ ഓരോ ചിത്രങ്ങളിട്ടു മനുഷ്യനെ കൊതിപ്പിക്കാതെ..! എന്റെ ഇഷ്ട മീനുകളിലോന്നാ ഈ കരിമീന്‍. കണ്ണ്‌ൂര്‍ ഭാഗത്ത് ഇതിനെ ഇരിമീന്‍ എന്നും വിളിക്കും. ഇതിനെ പൊള്ളിച്ചു കഴിക്കണം - അതായത് മസാലയൊക്കെ പുരട്ടി വാഴയിലയില്‍ പൊതിഞ്ഞു non-stick അല്ലാത്ത ഇരുമ്പു ചട്ടിയില്‍, ചെറുതീയില്‍ വേവിച്ച്... ഓര്‍ക്കുമ്പോ തന്നെ..!!!

പിന്നെ ഈ പള്ളത്തി എന്ന് പറയുന്ന സാധനം (ഞങ്ങള്‍ ചൂട്ടാച്ചി എന്ന് പറയും) മുന്പ് ഇഷ്ടംപോലെ കിട്ടുമായിരുന്നു, പക്ഷെ ഇപ്പോള്‍ മരുന്നിനുപോലും കാണുന്നില്ല!!
ചിത്രത്തിനും വിവരണത്തിനും ഒരിക്കല്‍ കൂടി നന്ദി.

ചാണക്യന്‍ said...

മീന്‍ പുരാണം തുടരട്ടെ...
ആശംസകള്‍ അനില്‍ശ്രീ...

സനാതനൻ | sanathanan said...

പള്ളത്തി ഞങ്ങടെ നാട്ടിലുമുണ്ട്..കാര എന്നാണ് പേര് .ഇതിനൊരു പ്രത്യേകതയുണ്ട്...മറ്റുമീനുകളെ പോലെ മുട്ടയിട്ടുപേക്ഷിക്കുക എന്നൊരു പരിപാടിയില്ല..നിറയെ കുഞ്ഞുങ്ങളുമായി ആഴം കുറഞ്ഞ വെള്ളത്തിൽ നിൽക്കുന്നത് കാണാം വേനൽ കാലത്ത്.

nardnahc hsemus said...

കരിമീന്‍ ഒറിജിനല്‍ വേണെങ്കില്‍
തിരഞ്ഞു നോക്കൂ വെള്ളിവര! ല്ലെ?

നല്ല അറിവുകള്‍

:)

യരലവ said...

" മറ്റു കായലുകളില്‍ ഇവ ഉണ്ടെങ്കിലും ചെളി കുറവായതിനാല്‍ വേമ്പനാട്ടു കായലിലെ കരിമീന് സ്വാദ് കൂടുതലാണെന്ന് പറയുന്നു."

അനില്‍ശ്രീ : സ്കൂളില്‍ പോയകാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങീതാ ഈ വേമ്പനാട്ടു കായല്‍ മഹാത്മ്യം; ഇപ്പോ കേരിക്കേറി; ചെളി യും മീന്റെ സ്വാദും എല്ലാം വേമ്പനാട്ടുകായലിലാണ് എന്നു പറഞ്ഞാല്‍ അങ്ങിനെ വിട്ടു തരുമെന്നു കരുതരുത്. ശതമാനക്കണക്ക് പറയാത്തത് നിന്റെ ഭാഗ്യം.

വളപട്ടണം പുഴയുടെ വക്കിലാ എന്റെ താമസം, ദിവസോം രണ്ടുനേരം കയറ്റിറക്കമുള്ള (വേലിയേറ്റം) നല്ല ഒന്നാന്തരം ചെളിയും സര്‍ക്കാര്‍ വക കരിങ്കല്‍ ഭിത്തിയും കെട്ടിയ പുഴ. നേരമൊന്നിരുട്ടിയാല്‍ ഒരു കൊമ്മയും സാന്യോവിന്റെ നെക്ക്‍വെ‌ളക്കുമായി പാറയിടുക്കില്‍ ഒന്നു ഫ്ലാഷിയാല്‍ നല്ല ഒന്നാന്തരം കരിമീനെയും പുഴഞണ്ടിനെയും പുഷ്പം പോലെ തെരഞ്ഞ് തെരഞ്ഞ് കൊരിയെടുക്കാന്‍ പറ്റും. നല്ല നഞ്ചുവെള്ളത്തില്‍ വളര്‍ന്ന ഇവന്മാരുടെ ടേസ്റ്റൊന്നും നിങ്ങടെ മീനുണ്ടാവില്ല. നേരം നാലോണം വൈകി കയറ്റം നിന്നു നല്ല പതം വന്ന് നല്ല നിലാവ് ആച്ചാണെങ്കില്‍ പാറയിടുക്കില്‍ നിന്നു വല്യവന്മാരൊക്കെ കഥയെഴുത്ത് തുടങ്ങീട്ടുണ്ടാവും കൊമ്മ വെച്ചു ഒരു ചുള്ളിക്കമ്പകൊണ്ട് പിന്നില്‍ നിന്ന് ഒന്നു മുട്ടിക്കൊത്താല്‍ വലയില്‍ കേറി ഒരു പിടയലുണ്ട് ‘മോനേ.....‘,

ഞാങ്ങ ഈനെ ഇരുമീന്‍ എന്നാ വിളിക്കാറ്, എന്റെ കൊച്ചുന്നാളിലൊന്നും ഈ മീന്‍ ആരും കഴിക്കാറില്ല. ഇപ്പോ എല്ലാ വീട്ടിലും സെപ്റ്റിക് ടാങ്ക് ഉള്ളതോണ്ട് ഇവന്റെ അയിത്തം പോയിക്കിട്ടി.

ജയ് വളപട്ടണം പുയ(ഴ).

അനില്‍ശ്രീ... said...

യരലവ.. ശതമാനക്കണക്ക് പറയാത്തത് "നിന്റെ" ഭാഗ്യം എന്ന് പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ല.( ഇത്തിരി കൂടി പ്രതിപക്ഷ ബഹുമാനം ആകാം എന്ന് കരുതുന്നു, പ്രത്യേകിച്ച് നമ്മള്‍ അപരിചതര്‍ ആകുമ്പോള്‍..)

ഞാന്‍ കേട്ടതും എനിക്കറിയാവുന്നതും അല്ലേ എനിക്കെഴുതാന്‍ പറ്റൂ. മറ്റുള്ളവരുടെ അഭിപ്രായം കൂടി അറിയാന്‍ തന്നെയാണ് ഇതൊക്കെ ഇവിടെ എഴുതുന്നതും. കൊച്ചുന്നാളിലേ ഞാനും ഇതു തന്നെയാ കേള്‍ക്കുന്നത്. (പലയിടത്തെ മീനിന് പല രുചിയാണോ എന്നൊന്നും ഞാന്‍ നോക്കാറില്ല). അതാണ് അങ്ങനെ എഴുതിയത്. യരലവ-യും അത് കേട്ടിട്ടുണ്ട് എന്നതില്‍ സന്തോഷം.

"അതുപോലെ എന്റെ കൊച്ചുന്നാളിലൊന്നും ഈ മീന്‍ ആരും കഴിക്കാറില്ല" എന്ന് പറഞ്ഞതും അത്ര വിശ്വാസ യോഗ്യമായി തോന്നുന്നില്ല. മറ്റു വളപട്ടണംകാരാരെങ്കിലും ഇവിടെ ഉണ്ടോ??????
"ഇപ്പോ എല്ലാ വീട്ടിലും സെപ്റ്റിക് ടാങ്ക് ഉള്ളതോണ്ട് ഇവന്റെ അയിത്തം പോയിക്കിട്ടി" എന്നു പറഞ്ഞാല്‍ ഇത് കഴിച്ചാല്‍ വയറിളക്കം വരുമെന്നാണെങ്കില്‍ .. ഹ.. കള മാഷേ.. നമുക്ക് വേണ്ട ഈ മീനിനെ..

യരലവ said...

:) ആളിത്തിരി സീരിയസ് ആണെന്നറിഞ്ഞില്ല. എന്നെ നീ അപരിചിതനാക്കിയല്ലേ, എനിക്കങ്ങനെയല്ല.

മാഷെ, വളരെ പരിചയസ്വരത്തിലാ ഞാന്‍ മിണ്ടിയത്, അനിലെ അതിഷ്ടപ്പെട്ടില്ലെങ്കില്‍ വേണ്ട. മസില്പിടിച്ചിരുന്നോ. നോക്കാലോ എപ്പോഴാ ഒന്നയയായെന്നു. ഈ മീന്റെ കാര്യത്തിലാണോ ഇത്ര ശുണ്‌ഠി.

വേമ്പനാട്ടുകായലിലെ കരിമീനാണോ കൂടുതല്‍ രുചി അതോ വളപട്ടണം‌പുഴയിലേതിനാണോ എന്നത് നമുക്കു ഒന്നു പരീക്ഷിച്ചു തന്നെ അറിയുന്നതായിരിക്കും നല്ലത്.

സമയം വൈകി; നല്ലപാതി വിളി തൊടങ്ങീട്ടുണ്ട്, ഇനി ബാക്കി വീട്ടില്‍ ചെന്ന്.

പ്രയാസി said...

സഹോദരന്മാരെ..
കുഞ്ഞാടുകളേ..
മീനെക്കുറിച്ചു പറയുമ്പോഴെങ്കിലും തല്ലുണ്ടാക്കാതിരിക്കൂ..
ഇതൊരു നല്ല പോസ്റ്റാണ്
അനിലേ..ഇതുമായി ബന്ധമില്ലാത്ത കമന്റുകളാണെങ്കില്‍ മറുപടി പറയാതെ ഒഴിവാക്കൂ..

“അയലാ പൊരിച്ചതുണ്ട്..
കരിമീന്‍ വറുത്തതുണ്ട്..”

സന്തോഷമായി അടുത്തത് പോരട്ടെ

കുട്ടാ..ഓരൊ പോസ്റ്റിനും ഒരു മൂന്നു ദിവസത്തെ ഗ്യാപ്പെങ്കിലും കൊടുക്കൂ...:)

അനില്‍ശ്രീ... said...

അയ്യോ,,, എന്നാല്‍ സോറി... ഞാന്‍ കരുതി സിരിയസ് ആയി പറഞ്ഞതാണെന്ന്. പിന്നെയല്ലേ മനസ്സിലായത് നാട്ടില്‍ അങ്ങേ അറ്റത്തും ഇങ്ങേ അറ്റത്തും ഒക്കെയാണെങ്കിലും ഇവിടെ നമ്മള്‍ ഒരു നാട്ടുകാര്‍ ആണെന്ന്.

ഈ ബ്ലോഗില്‍ ഈ പോസ്റ്റില്‍ ഇങ്ങനെ ഒരു അഭിപ്രായം വരേണ്ടതല്ലല്ലോ എന്ന് ഞാനും കരുതി. ചീത്ത കേള്‍ക്കാനുള്ള പൊസ്റ്റുകള്‍ ഒക്കെ ഞാന്‍ വേറെ ബ്ലോഗില്‍ ആണല്ലോ എഴുതുന്നത് . ഈയിടെ ആണെങ്കില്‍ അതുമില്ല.....ഏതായാലും അബുദാബിക്കാരന്‍ ആയതിനാല്‍ ക്ഷമിച്ചിരിക്കുന്നു... :) കോമ്പ്രമൈസ്, കോമ്പ്രമൈസ്..

പ്രയാസി.. വരുന്നവര്‍ക്ക് ഇത്തിരി വല്ലതും മറിച്ചു നോക്കാന്‍ ആകട്ടെ എന്ന് കരുതിയാണ് ദിവസം ഓരോന്നു പോസ്റ്റ് ചെയ്തത്. ഇനി ഗ്യാപ്പ് ഇടാം.

കമന്റുകള്‍ ആണ് ആവശ്യം... എണ്ണം കൂട്ടാനല്ല.. ഈ മീനുകളെ പറ്റി പുതിയ അറിവുകള്‍ കിട്ടാന്‍, അത് മറ്റുള്ളവര്‍ കൂടി അറിയാന്‍.. ഇപ്പോള്‍ തന്നെ പള്ളത്തിയുടെ എത്ര പേരുകള്‍ കിട്ടി. അതു ഞാന്‍ അവസാനം പോസ്റ്റില്‍ തന്നെ "പ്രാദേശിക നാമങ്ങള്‍" എന്ന പേരില്‍ ചേര്‍ക്കുന്നുണ്ട്,,,

അനില്‍ശ്രീ... said...

സനാതനന്‍..പറഞ്ഞത് കറക്റ്റ്.. കുഞ്ഞുങ്ങളൂടെ അടുത്തേക്ക് വരുന്ന മരു മീനുകളെ കൊത്തിയോടിക്കാന്‍ ചെല്ലുന്ന മാതാപിതാക്കളുടെ ഉശിര് ഒന്നു കാണേണ്ടത് തന്നെ..

ഇനി ഒരു കാര്യം കൂടി, ആയുര്‍‌വേദ മരുന്ന് കഴിക്കുന്ന പഥ്യക്കാരോട് കഴിച്ചു കൊള്ളാന്‍ പറയുന്ന രണ്ട് മീനുകളാണ് വരാലും പള്ളത്തിയും എന്ന് കേട്ടിട്ടുണ്ട്. കൊഴുപ്പ് ഇല്ല അത്രേ.. (ഇത് പറഞ്ഞതിന് ഞാന്‍ ആയുര്‍‌വേദക്കാരനാണെന്ന് പറഞ്ഞ തല്ലാന്‍ വരേണ്ട, കേട്ടിട്ടുള്ളത് പറഞ്ഞു എന്നേയുള്ളു :)...)‌

smitha adharsh said...

നല്ല പോസ്റ്റ്....ചിത്രങ്ങളും ഗംഭീരമായി.
കരിമീന്‍ പൊള്ളിച്ചത് ഓര്‍ത്തു..വായില്‍ വെള്ളമൂറി.

മാണിക്യം said...

അനില്‍‌ശ്രീ
നിര്‍ത്തി നിര്‍ത്തി പാടൂ
മറ്റെന്താണെലും വേണ്ടില്ലാ.
ഇതു മീനാണേ പോസ്റ്റ്, ഞാന്‍ ഒരോ പടത്തിന്റെ മുന്നിലും വാതുറന്ന് വെള്ളമിറക്കി എത്താന്‍ നേരം പിടിക്കും.ഒരു ഗ്യാപ്പിട്ട് പോകൂ പ്ലീസ് .. കരിമീന്‍, പള്ളത്തി ഹോ!
ഒരു റ്റിക്കറ്റ് കിട്ടിയെങ്കില്‍‌ ല്‍‌ ല്‍‌ ല്‍‌ ല്‍‌ ......
കരിമീന്‍ കണ്ടിട്ട് വര്‍ഷങ്ങളായി, ഇവിടെ തിലോപ്പി കിട്ടി,തേങ്ങാപാല്‍ ഒഴിച്ച് പൊള്ളിച്ച് പഴേ കരിമീനെ ഒര്‍മ്മയില്‍ തിരുകി അങ്ങോട്ട് കഴിച്ചു.
കുട്ടയ്ക്കകത്ത് കരിമീനിരിക്കുന്നത് കണ്ടിട്ട് സഹിക്കിണില്ല.

****

“AnilSree How are YOU?”
എന്നു ചോദിച്ചാള്‍ ഇടയുമോ?
എന്നാല്‍ ചോദ്യം
“അനില്‍ശ്രീ നിനക്ക് സുഖമാണൊ?” എന്ന് ചോദിച്ചാല്‍ .........

‘യരലവ’ ഈ കൊല്ലാട്കാരന്‍ ഗ്രാമീണന്‍ നന്മകള്‍ നിറഞ്ഞവന്‍ ... പ്രൂഫ് പയ്യെ അനിലിശ്രീയോട് തന്നെ ചോദിക്ക് കേട്ടോ.

lakshmy said...

കരിമീൻ നല്ല കുടമ്പുളിയിട്ട് കറി വച്ചു. പള്ളത്തി വറുത്തു. ഞാൻ ഈ ബ്ലൊഗിലേക്ക് വരവ് നിറുത്തി. വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ. അതിനിടക്കാരോ തിലോപ്പിയയുടെ കാര്യവുമെടുത്തിട്ടു. ചിലർക്കൊന്നും താൽ‌പ്പര്യമില്ലാത്ത ആ മീൻ എനിക്കൊത്തിരി ഇഷ്ടമാണ്

നന്ദി അനിൽ [ഞാനിനിയും ഒളിച്ചു വന്നു നോക്കും. കണ്ടെങ്കിലും കൊതിക്കാല്ല്ലോ]]

സാജന്‍| SAJAN said...

അനിലേ, സൂപെര്‍ബ്!കരിമീനെ ഒക്കെ കാണിച്ച് കൊതിപ്പിച്ചു കളഞ്ഞു.
ഈ സീരീസ് ഇപ്പോഴാണ് കാണുന്നത് പോസ്റ്റുകളെല്ലാം വളരെ പ്രയോജനപ്പെട്ടു ഒരു റെഫറന്‍സ് ആയി സൂക്ഷിച്ചു വെയ്ക്കാന്‍ പറ്റിയത്!
താങ്ക് യൂ!

ഓടോ: യ ര ല വ യുടെ കമന്റ് വായിച്ചിട്ട് തമാശയാണെന്നാണ് എനിക്ക് കത്തിയത്:)

നിരക്ഷരന്‍ said...

ഏറ്റവും ഇഷ്ടപ്പെട്ട മീനായിട്ടും ശാസ്ത്രീയ നാമമൊന്നും അറിയില്ലായിരുന്നു. ഈ പോസ്റ്റിന് നന്ദി. ‘നച്ചറ’ എന്ന് ഞങ്ങളുടെ നാട്ടില്‍ വിളിക്കുന്ന ഒരു മീനിന്റെ ആകൃതിയും നിറവും പ്രകൃതിയുമൊക്കെ ഇതുപോലെയൊക്കെത്തന്നെ. അതും ഒരു പുഴമീന്‍ തന്നെ.

ഓ.ടോ:- എന്തായാലും അടുത്തപ്രാവശ്യം എറണാകുളത്ത് ഹോട്ടല്‍ ഗ്രാന്റില്‍ പോയി ‘പേള്‍ സ്പോട്ട് ‘ പൊള്ളിച്ചത് വലുതൊരെണ്ണം ഓര്‍ഡര്‍ ചെയ്തിട്ട് ബാക്കി കാര്യം :)

ഹരീഷ് തൊടുപുഴ said...

അനില്‍ മാഷെ;
ഈ പള്ളത്തിയെ ‘സിലോപ്പി അല്ലെങ്കില്‍ തിലോപ്പിയ’ എന്നു പറയാറൂണ്ടോ??
ഇനി വെള്ള ആവോലിയെപറ്റി എഴുതൂ...

അനില്‍ശ്രീ... said...

ഹരീഷ് , മുകളില്‍ അപ്പുവിന്റെ കമന്റിന് കൊടുത്ത മറുപടിയില്‍ ഒരു ലിങ്ക് ഉണ്ട്,,, അതില്‍ ക്ലിക് ചെയ്താല്‍ തിലോപ്പിയ എന്താണെന്ന് കാണാം..

അനില്‍ശ്രീ... said...

സ്മിതാ... മാണിക്യം, ലക്ഷ്മി, സാജന്‍, നിരക്ഷരന്‍, അഭിപ്രായങ്ങള്‍ക്ക് നന്ദി.. ഇനിയും വരണം,,, അഭിപ്രായങ്ങള്‍ അറിയിക്കണം..

യരലവ said...

മാണിക്യത്തിനും സാജനും എന്റെ സ്മൈലി :)

“("ഇപ്പോ എല്ലാ വീട്ടിലും സെപ്റ്റിക് ടാങ്ക് ഉള്ളതോണ്ട് ഇവന്റെ അയിത്തം പോയിക്കിട്ടി" എന്നു പറഞ്ഞാല്‍ ഇത് കഴിച്ചാല്‍ വയറിളക്കം വരുമെന്നാണെങ്കില്‍ .. ഹ.. കള മാഷേ.. നമുക്ക് വേണ്ട ഈ മീനിനെ..)“

അനില്‍ ജീ ; ഒരു തെറ്റിദ്ധാരണ മാറ്റുകയാണ്; സെപ്റ്റിക് ടാങ്ക് കാരണം ഈ മീനിന്റെ അയിത്തം പോയിക്കിട്ടി എന്ന് പറഞ്ഞതു വയറിളക്കം വരുമെന്നല്ല, അനില്‍, ഈ മീനിന്റെ വിശേഷ ഭോജ്യം നമ്മുടെ വിസര്‍ജ്ജ്യം ആണെന്നുള്ളതുകൊണ്ടാണ്, എന്റെ വള്ളി ട്രൌസര്‍ യുഗത്തില്‍ പുഴയോട് തൊട്ടു വീടുള്ളവര്‍ പുഴയിലേക്ക് കക്കൂസ് പണിതതായി ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്, ഇപ്പോഴും കള്ള്ഷാപ്പില്‍ ഈ മീന് കിട്ടുന്ന ‍പരിഗണന (എന്റെ) നാട്ടിന്‍പുറത്തില്ല. കള്ളുഷാപിലേക്കെന്നും പറഞ്ഞ് ഈ മീനിനെ ചൂണ്ടലിടുന്ന “വക്കക്കാര്‍“ എന്ന ‍പ്രൊഫഷണല്‍ സ്പെഷലിസ്റ്റുകള്‍‘ ചിരട്ടയില്‍ ആരെയും കാണിക്കാതെ കമഴ്ത്തിവെച്ചു ചൂണ്ടലില്‍ കോര്‍ക്കുന്ന ഇര മൈദയും കാഞ്ഞിരവും ആണെന്ന് അവര്‍ പറഞ്ഞതു ശെരിയായിരിക്കണം എന്ന വിശ്വാസത്തിലാ ഈഞാനും.

പിന്നെ ഈ മീനിനെ രാത്രികാലങ്ങളില്‍ ടോര്‍ച് ലൈറ്റടിച്ചു ‘കൊമ്മ’ (വലകൊണ്ടുണ്ടാക്കുന്ന ചായ അരിപ്പയുടെ വല്യ രൂപത്തിലുള്ളത്) വെച്ചു പിടിക്കുന്ന സൂത്രം അങ്ങ് വേമ്പനാട്ടുകായലില്‍ ഉണ്ടോ അനിലേ, എന്റെ നാട്ടിലെ മാത്രം വിദ്യയാണോ എന്നറിയാനാ, ഇത്തരം കാര്യങ്ങള്‍ ഇങ്ങിനെ ബ്ലോഗിലല്ലാതെ വേറെയെവിടെയാ ചോദിക്കാ, ഇത്ര സ്വാതന്ത്ര്യം വേറെയെവിടെയെങ്കിലും കിട്ട്വോ...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഒന്ന് പരീക്ഷിക്കണം എന്ന് കരുതുന്നു. പിന്നിട്‌.. നന്നായി ഈ വിവരണം

അനില്‍ശ്രീ... said...

യരലവ,

ഈ വലയെ "കോരുവല" എന്ന് തന്നെയല്ലേ പറയുന്നത്? കോരുവല വച്ച് ഒഴുക്കു വെള്ളത്തില്‍ നിന്ന് മീന്‍ പിടീക്കുന്നത് കണ്ടിട്ടുണ്ട്. കരിമീനിനു വേണ്ടി മാത്രം ഇങ്ങനെ ചെയ്യുന്നുണ്ടോ എന്ന് അറിയില്ല. മറ്റൊരു രീതി ഞാന്‍ പറയാം,. കായലിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ സാധാരണ ചെയ്യുന്ന ഒരു കരിമീന്‍പിടുത്ത രീതി. നീളമുള്ള കയറില്‍ വെള്ള കുരുത്തോല (തെങ്ങിന്റെ ഓല) മാലപോലെ കെട്ടിയിടും. എന്നിട്ട് രണ്ടാളുകള്‍ അത് രണ്ടറ്റത്തും പിടിച്ച് മുമ്പോട്ട് നീങ്ങും. അപ്പോള്‍ ഈ ഭാഗത്ത് വരുന്ന കരിമീന്‍ നീണ്ടുകിടക്കുന്ന കുരുത്തോലക്കടിയില്‍ പമ്മിക്കിടക്കും. ഒന്ന് രണ്ട്പേര്‍ മുങ്ങിച്ചെന്ന് ഈ മീനുകളെ പിടിച്ചെടുക്കും. ഇതാണ് ഏറ്റവും എളുപ്പമായ കരിമീന്‍ പിടുത്തം.

പ്രിയ യരലവ.. ഒരു പക്ഷേ ഈ ഒരു കക്കൂസുകളുടെ അഭാവം ആവാം വേമ്പനാട്ട് കായലിലെ കരിമീന്‍ നല്ലതാണെന്ന് പറയാന്‍ കാരണം.. :) കാരണം വേമ്പനാട് കായം അതിവിശാലമായി പരന്നു കിടക്കുകയല്ലെ... പക്ഷേ ഈ ആരോപണം എത്രകണ്ട് ശരിയാണെന്ന് അറിയില്ല കേട്ടോ.. (തിലോപ്പിയയെ പറ്റിയുള്ള ആരോപണവും ഇതു തന്നെ. ).
കരിമീനിനെ പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ട് ഇവിടെ കാണാം...

മുന്നൂറാന്‍ said...

Anil Sree Nandi...

Kannapi said...

കൊള്ളഒ, Allel venda, in our area, Pallathy known as (Thrissur - ollur) one other name. "Koorumbadu". Pakshe eppol allam njngal agenie parayunnuvo appol allam agenie parayan padilla ennu paraum, big brothers, I dont Know why ??

BASHEER said...

Dear Anil,

Nice information on in your site. What a nice photos!! I am also working on fishes but never made a site like this and that too in Malyalalm. We have contributed ti Fishbase, mainly Malayalam names. If you need specific information on fishes I can provide you. My senior colleague publishes a book on Ornamental fishes of the Western Ghat (NBFGR Publication, Priced publication). I shall try to get the soft copy of that so that you can post more informations on this.

_n\ojv . FÊv said...

ബ്ലോഗു വളരെ നന്നായിട്ടുണ്ട്.വറുത്താൽ മാത്രമല്ല വാഴയിലയിൽ പൊള്ളിക്കണം.ഞങ്ങളുടെ നാട്ടിൽ (കുട്ടനാട്,കൈനകരി)കരിമീൻ പപ്പാസ് എന്നു പറയും.

Muhammed Shan said...

Etroplus suratensis എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കരിമീന്‍ ഒരു ശുദ്ധജലമത്സ്യം ആണ്.

അനില്‍ ഞങ്ങളുടെ നാട്ടില്‍ ഉപ്പുവെള്ളത്തിലും ധാരാളമായി കരിമീന്‍ ഉണ്ടല്ലോ ...

ബ്ലോഗ്‌ വളരെ നന്നായിരിക്കുന്നു ,പതിയെ പതിയെ എല്ലാം വായിച്ചു വരുന്നു...

sioson kadaliyil said...
This comment has been removed by the author.
sioson kadaliyil said...

Anil chetta.. Karimeenum Tilapia yum thammil bandhamillennu parayan varatte . They both belong to cichlid family.
proud owner of oscar cichlids , climbing perches , snakeheads and one wallago attu.

Sherin Devassy said...

പള്ളത്തി എന്ന് പറയുന്നത് കരിമീന്റെ കുട്ടികളെയും, പണൻ പള്ളത്തി എന്ന് പറയുന്നത് ഈ പുള്ളിയുള്ളവയെ കൂടുതലായും പാടത്തും കുളങ്ങളിലും തോടുകളിലും കണ്ടുവരുന്നു. ഇത് ചെറുതും, വൻ മത്സ്യങ്ങളെ പിടിക്കാൻ ചൂണ്ടയിൽ കോർക്കാൻ ബെസ്ററ് ആണ്. ഇതിനെ കൊരുത്തു ചൂണ്ടയിട്ടാൽ മുട്ടൻ ചെമ്പല്ലി കിട്ടും കൊച്ചിക്കായലിൽ.

Jesmonjoseph Pulikkottil said...

pallathiye njangal pootta ennanu vilikkaru ithinte manja athava orange kalarnna manja pinne charaniram ennee nirathilullava njangalde nattil sulabamaanu

kaani said...

ആന്ധ്രാ കരിമീൻ തിരിച്ചറിയാൻ എന്താണ് മാർഗ്ഗം ?...

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍