ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

November 1, 2008

പൂളോന്‍ (Glossogobius giuris)

പൂളോന്‍

"പൂളോന്‍" (goby fish) എന്നത് വളരെ അപൂര്‍‌വ്വമായി ഞങ്ങള്‍ക്ക് കിട്ടിയിരുന്ന ഒരു മീനാണ്. കഴിഞ്ഞ പോസ്റ്റിന്റെ കമന്റില്‍ കുതിരവട്ടന്‍ പറഞ്ഞതു പോലെ ഇന്നത് കാണാനേ ഇല്ല എന്ന് തന്നെ പറയാം. എങ്കിലും വെള്ളം പൊങ്ങുന്ന സമയത്ത് വേമ്പനാട് കായലില്‍ നിന്നും ഇവന്‍ ഞങ്ങളുടെ ആറ്റില്‍ ഇപ്പോഴും എത്താറുണ്ട് എന്ന് തോന്നുന്നു.


മണല്‍ അധികമുള്ള ആറുകളില്‍ ആണിവയെ കൂടുതല്‍ കാണുന്നത്, ഭാരതപ്പുഴയില്‍ ഇപ്പോഴും ഇവ ധാരാളമുണ്ട് എന്ന് തോന്നുന്നു.

ശാസ്ത്രീയ നാമങ്ങള്‍ : Glossogobius giuris, Bathygobius fuscus

കാഴ്ചയില്‍ വരാലുമായി സാമ്യം ഉണ്ടെങ്കിലും ഇവന്റെ വായക്ക് ഭയങ്കര വലുപ്പം ആണ്. ഏകദേശം എട്ട് പത്തിഞ്ച് നീളം വരെയുള്ളയെ കണ്ടിട്ടുണ്ട്. അതിലും വലുതാകുമോ എന്ന് എനിക്കറിയില്ല. ഇവന്റെ ഒന്നു രണ്ട് ചിത്രങ്ങള്‍ നെറ്റില്‍ നിന്നും പരതി എടുത്തിട്ടുണ്ട്, അവ താഴെ കാണാം.


പൂളോന്‍


26 comments:

അനില്‍ശ്രീ said...

"പൂളോന്‍" (goby fish) എന്നത് വളരെ അപൂര്‍‌വ്വമായി ഞങ്ങള്‍ക്ക് കിട്ടിയിരുന്ന ഒരു മീനാണ്. കഴിഞ്ഞ പോസ്റ്റിന്റെ കമന്റില്‍ കുതിരവട്ടന്‍ പറഞ്ഞതു പോലെ ഇന്നത് കാണാനേ ഇല്ല എന്ന് തന്നെ പറയാം. എങ്കിലും വെള്ളം പൊങ്ങുന്ന സമയത്ത് വേമ്പനാട് കായലില്‍ നിന്നും ഇവന്‍ ഞങ്ങളുടെ ആറ്റില്‍ ഇപ്പോഴും എത്താറുണ്ട് എന്ന് തോന്നുന്നു.

മണല്‍ അധികമുള്ള ആറുകളില്‍ ആണിവയെ കൂടുതല്‍ കാണുന്നത്, ഭാരതപ്പുഴയില്‍ ഇപ്പോഴും ഇവ ധാരാളമുണ്ട് എന്ന് തോന്നുന്നു.

Sanal Kumar Sasidharan said...

ചേലക്കരയിലെ എന്റെ സുഹൃത്ത് അബൂബക്കറിന്റെ വിദഗ്ദ്ധാഭിപ്രായമനുസരിച്ച് ഇവയെ പൂഴാൻ എന്ന് വിളിക്കുന്നു :)
ആദ്യ ചിത്രത്തിൽ കരിമ്പൂഴാനാണ്..കല്ലിടുക്കളിൽ കാണപ്പെടും
രണ്ടാമത്തെ ചിത്രം കടൽ പൂഴാനാണ് ഒന്നു രണ്ട് കിലോയോളം വലിപ്പം വരും.
മൂന്നും നാലും ചിത്രത്തിലുള്ളവ ‘പൊഴ’യിലാണ് കാണുന്നത് അധികം വലിപ്പമില്ല.

എന്തരായാലും തീരോന്തരത്തില്ല :(

നരിക്കുന്നൻ said...

അപ്പ നമ്മടെ പൂഴാനാണീ പൂളോനല്ലേ. അങ്ങനെ പറ എന്നാലല്ലേ തലയിൽ കേറൂ...
നല്ല മീൻ ചിത്രങ്ങൾ!

ഉപാസന || Upasana said...

ivaneyokke paNT PullaniththOttil eviTeyO kaNTa pOle..!
:-)
Upasana

ജിജ സുബ്രഹ്മണ്യൻ said...

സത്യമായിട്ടും ഈ മീനിനെ കാണുമ്പോള്‍ പിടിച്ച് വറുക്കാന്‍ തോന്നണുണ്ട്..

പ്രയാസി said...

അനിലേ......
പോരട്ടങ്ങനെ പോരട്ടെ
നല്ല രസാണ്ട് കേട്ടാ..

ഓടോ: കാന്താരി ഇത്രക്ക് ദുഷ്ടയാണൊ!? പൂളോനാണെങ്കിലും അതും ഒരു ജീവിയല്ലെ..
വറുത്താല്‍ മാത്രം മതി, തിന്നണ കാര്യം നമ്മളേറ്റു..;)

കാപ്പിലാന്‍ said...

അനിലേ ,മുകളില്‍ കാണിച്ചത് ഗോബ്ബി ഫിഷ് ആണ്.അത് ഇഷ്ടം പോലെ ഞാന്‍ അമേരിക്കയില്‍ ചൂണ്ടയിട്ടു പിടിച്ചിട്ടുണ്ട് .ഈ മീനിനെ ഞാന്‍ വീണ്ടും ചൂണ്ടയില്‍ ജീവനോടെ ഇരയായി ഇട്ടുകൊടുക്കും .അപ്പോള്‍ വലിയ മീന്‍ കിട്ടും .

താഴെ കൊടുത്തിരിക്കുന്ന മീന്‍ ഗോബ്ബി അല്ല ,ഊള എന്ന മീനാണ് .ഈ മീനും ഇപ്പോള്‍ നാട്ടില്‍ കുറവാണ് .

കാപ്പിലാന്‍ said...

സോറി , എനിക്ക് തെറ്റിയതാണ് .താഴെയുള്ളതും ഗോബ്ബി എന്ന മീനാണ് .ഇത് പക്ഷേ ഞാന്‍ നാട്ടില്‍ കണ്ടിട്ടില്ല .ഇവിടെയാണ്‌ കണ്ടത് .

ഹരീഷ് തൊടുപുഴ said...

ആദ്യത്തെ ചിത്രത്തില്‍ കാണുന്ന മീന്‍ ‘മുഴി’ എന്നു പേരില്‍ കൂടി അറിയപ്പെടുന്നുണ്ടോ??

smitha adharsh said...

ഈ മീനിനെ ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷെ,പേരെനിക്ക് അറിയില്ല..അപ്പൊ ,ഈയിനത്തില്‍ പോസ്റ്റ് ഒരുപാടു വരും അല്ല്ലേ?നന്നായി..പോരട്ടെ..പോരട്ടെ..

അനില്‍@ബ്ലോഗ് // anil said...

വിവരങ്ങള്‍ക്കു നന്ദി.

ഓഫ്ഫ്:
കാന്താരി ഒരു യഥാര്‍ത്ഥ മത്സ്യം തീനിയാണെന്നു വെളിവാക്കിയിരിക്കുന്നു.

അനില്‍ശ്രീ... said...

സനാതനന്‍,,,സത്യത്തില്‍ ആ പേരു ചേര്‍ക്കാന്‍ ഞാന്‍ മറന്നു പോയി, നന്ദി. എങ്കിലും തിരുവനന്തപുരത്തില്ല എന്നത് കഷ്ടമായി.

നരിക്കുന്നന്‍..ചിത്രങ്ങള്‍ ഒന്നും ഞാന്‍ എടുത്തതല്ല കേട്ടോ..

ഉപാസന,, കാന്താരിക്കുട്ടി,,,പ്രയാസി... അഭിപ്രായങ്ങള്‍ക്ക് നന്ദി,

കാപ്പിലാന്‍ അപ്പോള്‍ അവിടെയും ഇതൊക്കെ തന്നെയാണ് പണി അല്ലേ?

ഹരീഷ്, മുഴി എന്നത് വേറെയാണ്. തൊടുപുഴയില്‍ ഒക്കെ മുഷി എന്ന് പറയുന്നതാണത് മുഴി.

സ്മിത, അനില്‍ ..അഭിപ്രായങ്ങള്‍ക്ക് നന്ദി.

Jayasree Lakshmy Kumar said...

ഈ സംഭവത്തിനെ വറുത്തു കഴിച്ചിട്ടുണ്ട്. കറിവയ്ക്കാനും നല്ലതാ. ഞങ്ങൾക്ക് ഇവൻ പൂളോൻ തന്നെ

Mr. K# said...

ഇതു തന്നെ അനിലേ ഞാന്‍ പറഞ്ഞ മീന്‍. ഇപ്പോ ഇവനെ കാണുക അപൂര്വ്വമായിരിക്കും. മണലുള്ളിടത്തേ ഇതിനെ കാണാറുള്ളു. എത്ര വലിയ ഇരയായാലും വലിയ വായ ആയതു കാരണം ഇതു വന്നു തിന്നും. ചൂണ്ടയിൽ കുടുങ്ങുകയും ചെയ്യും. ജീവനുള്ള ഇരകളെ കോര്ത്താൽ ഇതിനെ കിട്ടാറില്ല. അരക്കിലോക്ക് മുകളിൽ തൂക്കമുള്ളതിനെ കണ്ടിട്ടില്ല.

അനിലേ കഴിഞ്ഞ പോസ്റ്റിൽ വരാലിന്റെ കാര്യം പറഞ്ഞപ്പോൾ തൂളി എന്നു വിളിക്കപ്പെടുന്ന ഇനത്തിനെ മിസ്സായോ എന്ന് സംശയം. പത്തു കിലോ പന്ത്രണ്ടു കിലോയൊക്കെ തൂക്കം വരുന്ന മീന്‍.

മുഷിയും കാരിയും മഞ്ഞക്കൂരിയും പുഴുക്കൂരിയും ചെമ്പല്ലിയും പലതരത്തിലുള്ള പരലുകളും ആരലും കൊഞ്ചും ഒക്കെ വഴിയേ വരുമല്ലോ അല്ലേ. മീനുകള്ക്ക് മാത്രമായി ഒരു ബ്ലോഗ് തുടങ്ങണമെന്നാൺ എന്റെ അഭിപ്രായം.

അനില്‍ശ്രീ said...

ലക്ഷ്മി... ഇവന്‍ ഇപ്പോള്‍ വളരെ അപൂര്‍‌വ്വം ആണ് കേട്ടോ.

കുതിരവട്ടന്‍.. വീണ്ടും സംശയം ആയി. തൂളി എന്നത് വരാലിന്റെ കുടുംബത്തില്‍ പെട്ടത് തന്നെയോ? എന്റെ അറിവിലുള്ള തൂളി വരാല്‍ പോലെയല്ല. എന്റെ അറിവില്‍ വരാലിന്റെ കുടുംബത്തില്‍ വാക എന്ന വിഭാഗമാണ് വളരെ വലുതാകുന്ന ഇനം. പിന്നെ ചേറുമീന്‍.. ഇവ രണ്ടും ആറ് ഏഴു കിലോ ഒക്കെയുള്ളത് കണ്ടുവരാറുണ്ട്. തൂളി എനിക്കത്ര പിടിയില്ല.

കാപ്പിലാന്‍ said...

അനില്‍ ശ്രീ .
നാട്ടില്‍ കമ്പില്‍ ഒരു നൂലും കെട്ടി മുറ്റത്ത്‌ നിന്ന് രണ്ടു വിരയും കുത്തി ചൂണ്ടയിടാന്‍ പോകുന്നത് പോലെയല്ല ഇവിടെ .

ആദ്യം ലൈസന്‍സ് എടുക്കണം .ഒരു വര്‍ഷം കഴിഞ്ഞ് ഇത് പുതുക്കണം .ഇതിനു 15 $
പിന്നെ വിര വേണമെങ്കില്‍ കടയില്‍ വാങ്ങാന്‍ കിട്ടും 12 വിരക്ക് $ 2.99 അതല്ല ചെറിയ മീന്‍ മതിയെങ്കില്‍ 12 മീനിനു 3.00$ ഇത് ജീവനുള്ള ചെറിയ മീനാണ് .ഇതിനെ സൂക്ഷിക്കാന്‍ വേറെ പാത്രം .ചൂണ്ട ഒരെണ്ണം നല്ലത് $50 പിന്നെ ചൂണ്ട കിറ്റ്. അത് നമ്മുടെ നല്ല ഒരു ടൂള്‍ ബോക്സ് പോലുള്ള സാധനം അതിനു $ 200.ഇതില്‍ ചൂണ്ടക്ക്‌ വേണ്ട എല്ലാ സാധനങ്ങളും ഉണ്ട് .ഇതെല്ലാം വാങ്ങി തണുപ്പത്ത് അവിടെ പോയി നിന്ന് ചൂണ്ടയിട്ടാല്‍ ചിലപ്പോള്‍ ഇങ്ങനെയുള്ള ഗോബ്ബി കിട്ടും :( ചിലപ്പോള്‍ എടുത്തു തറയില്‍ അടിച്ചു കൊല്ലും ദേഷ്യം കൊണ്ട് .ചിലപ്പോള്‍ ചെറിയ ഗോബ്ബി കിട്ടുമെങ്കില്‍ അതിനെ കോര്‍ത്തിടും .എനിക്ക് വലിയ വലിയ മീനിനെ ഈ പുഴയില്‍ നിന്നും കിട്ടിയിട്ടുണ്ട് .
8 lb ഉള്ള മുശി പിന്നെ ബാസ് ( വൈറ്റ് ആന്‍ഡ് ബ്രൌണ്‍) അങ്ങനെ പലതും .

വൈകുന്നേരം പാര്‍ക്കില്‍ ഇതാണ് പണി .ഇക്കൊല്ലം പോയില്ല കാരണം ഇവിടുത്തെ മീന് മെര്‍ക്കുറി ഉണ്ടെന്നു പറയുന്നു .അങ്ങനെ നല്ല ഒരു തുക ഞാന്‍ ഈ ഭ്രാന്തിനു വേണ്ടി കളഞ്ഞു .

ഇനിയിപ്പോള്‍ തണുപ്പ് തുടങ്ങി ..കുറെ കഴിഞ്ഞാല്‍ ഈ വെള്ളമെല്ലാം ഐസ് ആകും അപ്പോള്‍ ആളുകള്‍ ഐസ് ഫിഷിന്ഗ് നടത്തും അതായത് ഈ ഐസ് ഡ്രില്‍ ചെയ്തു ചൂണ്ടയിടും .സമയം കിട്ടുമ്പോള്‍ വിശദമായി പോസ്ടാം .ഇതെല്ലാം :):)

പാമരന്‍ said...

കാപ്പിലെ, ഇവിടെ മണ്ണിരയ്ക്കു 5 എണ്ണത്തിനു അഞ്ചു ഡോളര്‍! ഞാനും കൊറേ കാശുതുലച്ചു.. പക്ഷേ രണ്ടെണ്ണത്തിനെ കഷ്ടപ്പെട്ടു പിടിച്ചു വറുത്തടിക്കുമ്പോഴത്തെ സൊഹം... ഹോ!

മാണിക്യം said...

അനില്‍‌ശ്രീ
നല്ല പൊസ്റ്റ് ചിത്രങ്ങളും
ഈ മീനൊക്കെ കണ്ട കാലം മറന്നു.
ഓര്‍മ്മിക്കാന്‍ അവസരമൊരുക്കിയതിനു നന്ദി.

കുഞ്ഞന്‍ said...

അനില്‍ മാഷെ,
കു.വ. പറഞ്ഞതുപോലെ ഇവന്‍ മണലിനോട് പറ്റിപ്പിടിച്ചു കിടക്കും. മണലിന്റെ നിറമായതിനാല്‍ പെട്ടന്ന് തിരിച്ചറിയുകയേയില്ല. കടത്തു കടക്കുന്ന സ്ഥലത്ത് വഞ്ചിയിലിരിക്കുമ്പോള്‍ (അധികം താഴ്ചയില്ലാത്ത സ്ഥലം)സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കാറുണ്ട് ഇവന്റെ അനക്കം കാണാന്‍, അനങ്ങിയാലെ ഇദ്ദേഹത്തെ മനസ്സിലാകൂ.

ഓ.ടോ..കാന്താരീസിന് പണ്ട് ചൂണ്ടയിട്ട് മീന്‍ പിടിക്കലായിരുന്നുവല്ലെ പണി..ചൂണ്ടയിടുക പിടിക്കുക വറത്തടിക്കുക..കൊള്ളാം..!

BS Madai said...

മീനിന്റെ ചരിത്രം കേള്‍ക്കാന്‍ തന്നെ നല്ല രസം. ഈ മീനിനെ ഞങ്ങളുടെ ഭാഗത്ത് (കണ്ണൂര്‍) പയത്തി/ പയത്താന്‍ എന്നും പറയും. പെട്ടെന്ന് തന്നെ ചൂണ്ടയില്‍ കുരുങ്ങും - മണ്ണിനോട് ചേര്‍ന്ന് കിടക്കുന്ന സ്വഭാവം.

Unknown said...

ithu thanneyanu nammude poosan ennu thonnunnu. aanenkil iruvazhunhippuzhayil veruthe onnu choondalittal aarkkum ennum kittunna meenanu ithu.
samshaya nivaranathinu najeeb chennamangaloorinidu chodikkatte,,

മുസാഫിര്‍ said...

ആദ്യത്തെ പടം : ഞങ്ങളുടെ ഭാഗത്തൊക്കെ (ഇരിഞ്ഞാലക്കുട പരിസരം)ഇതിനെ വട്ടുടി എന്ന് പറയും.കണ്ടാല്‍ വരാലിനെ (ബ്രാല്‍ എന്നു പ്രാദേശികം)പ്പോലെ ആണ് എങ്കിലും ഇതിന് വരാലിനെ അത്ര ഭംഗിയില്ല.വരാലില്ലാത്ത കുളത്തിലെ വട്ടുടി പോലെ എന്നൊരു ചൊല്ലും ഉണ്ട് ഇവിടങ്ങളില്‍..

അനില്‍ശ്രീ said...

കാപ്പിലാന്‍.. ചൂണ്ടയിടുന്നത് അവിടെ ഇത്ര ചിലവുള്ള കാര്യമാണെന്ന് അറിഞ്ഞിരുന്നില്ല. ഇവിടെ കടലില്‍ ആണ് ചൂണ്ട ഇടുന്നത്. അതിനും ഈ പറഞ്ഞ പോലെ ലൈസന്‍സ് വേണം. അത് എടുക്കാനൊന്നും മിനക്കെടാത്ത നമ്മള്‍ കോലും വറിയുമൊന്നുമില്ലാതെ ചെറിയ തടിയില്‍ നൂലു ചുറ്റി ചൂണ്ടയിടും. അഥവാ മുനിസിപ്പാലിറ്റിക്കാര്‍ വന്നാലും അതങ്ങ് എറിഞ്ഞു കളഞ്ഞാല്‍ മതിയല്ലോ. കൂന്തള്‍ അഥവാ കണവ ആണ് ഭക്ഷണം ആയി ഇടുന്നത്.

മാണിക്യം .കുഞ്ഞാ.. .നന്ദി..

മാടായി.. നിങ്ങളൂടെ നാട്ടില്‍ എല്ലാ മീനിന്റെയും പേരുകള്‍ക്ക് വ്യത്യാസം ഉണ്ടെന്ന് തോന്നുന്നല്ലോ..

മുന്നൂറാന്‍.. പൂസാന്‍ ഇവന്‍ തന്നെയോ?

മുസാഫര്, വരാല്‍ പോസ്റ്റിന്റെ കാര്യമല്ലേ പറഞ്ഞത്? അതിലെ വട്ടോനെ അല്ലേ വട്ടോടി എന്ന് പറയുന്നത്? വരാലില്ലാ കുളത്തില്‍ വട്ടോന്‍ രാജാവ് എന്ന് ഞങ്ങളൂടെ അവിടെയും പറയാറുണ്ട്.

പൈങ്ങോടന്‍ said...

പുള്ളുവന്‍ പാട്ടുപാടുന്ന പുള്ളോന്‍ എന്നുവിചാരിച്ചാ ഇവിടെ വന്നത്.എന്റെ കണ്ണു അടിച്ചുപൂവാറായീന്നാ തോന്നണേ
ഇതൊക്കെ ഒന്നു ഫ്രൈ ചെയ്തു വയ്ക്ക്.ഞാനിപ്പോ വരാം :)

t.k. formerly known as thomman said...

പോസ്റ്റ് കാണാന്‍ വൈകി. പൂളോനെ ധാരാളം പെരിയാറ്റില്‍ നിന്ന് പിടിച്ചിട്ടുണ്ട്. ചൂണ്ടയില്‍ പെട്ടന്ന് കിട്ടുന്ന ഒരു മീനാണ്. തേങ്ങയരച്ച് കറിവച്ചാല്‍ എനിക്കിതിന്റെ തലഭാഗമായിരുന്നു ഏറ്റവും ഇഷ്ടം. മണല്‍ ഉള്ള സ്ഥലങ്ങളില്‍ കാണാന്‍ സാധ്യത കൂടുതലെന്നത് വളരെ ശരിയാണ്. തോട്ടിലും കുളത്തിലുമൊക്കെ ഇതിനെ അപൂര്‍വ്വമായേ കണ്ടിട്ടുള്ളൂ. വലക്കാര്‍ ഇതിന്റെ കുഞ്ഞുങ്ങളെ വരെ പിടിച്ച് വംശനാശം വരുത്തിയെന്ന് തോന്നുന്നു.

SP said...

മഴ പെയ്തു പുഴയിൽ ഉപ്പു മാറുമ്പോളാണ് കൊച്ചിക്കായലിൽ സാധാരണയായി പൂളാനെ കിട്ടാറുള്ളത്. ചെറിയ ചെമ്മീനെ പിടിച്ചു കൊളുത്തി ഇട്ടാൽ ഇവൻ ചാടി വെട്ടും. നല്ല വലിയ പൂളാൻ കിട്ടാറുണ്ടായിരുന്നു പണ്ട്. ഇപ്പോൾ കണികാണാൻ കൂടിയില്ല ഇതിനെ.ഇവാൻ ചെളിമൽസ്യം അല്ല. നല്ല മണ്ണുള്ള പ്രദേശങ്ങളിലെ ഇവനെ കിട്ടൂ..

കട്ടിപ്പൂളാൻ എന്ന പേരിൽ കിട്ടുമ്പോൾ തന്നെ വലിച്ചെറിയുന്ന ഇവന്റെ ഒരു വേറെ കറുത്ത ഇനവും ഉണ്ട്. അത് മരക്കുറ്റികളുടെ അടുത്ത് ചൂണ്ടയിട്ടാൽ ഇവനെയും കിട്ടും. ഇത് എന്നിനും കൊള്ളാത്ത ഒരു മീൻ ആണ്.

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍