ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

September 24, 2009

ജയന്റ് വുഡ് സ്പൈഡര്‍ (Nephila pilipes)

അന്തോണിച്ചന്റെ ബ്ലോഗ് പോസ്റ്റ് (ഇതെന്തു വാര്‍ത്ത? ) ആണ് ഈ പടങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ജൈവീകത്തില്‍ മീനുകളൂടേതല്ലാത്ത ആദ്യ പോസ്റ്റ് ആണിത്.

Golden orb-web spider വിഭാഗത്തില്‍ പെട്ട Nephila pilipes അഥവാ Giant wood spider ആണിത് .
Family: Tetragnathidae



ഇത് ചെറിയ ഒരു ചിലന്തിയാണ്. അതിന്റെ ഈ നിറം ക്രമേണ മാറി വരും.

ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ തൊടുപുഴക്കടുത്ത് മുള്ളരിങ്ങാട് എന്ന സ്ഥലത്തിനടുത്ത് ഒരു ബന്ധു വീട്ടില്‍ പോയിരുന്നു. മലനാടിന്റെ എല്ലാ പ്രകൃതി ഭംഗികളും ഉള്ള ഒരു സ്ഥലം.

രാവിലെ പറമ്പിലേക്ക് ഒന്നു നോക്കിയപ്പോള്‍ വംശനാശം വന്നു കൊണ്ടിരികുന്നത് എന്ന് മാതൃഭൂമി എഴുതിയ ഈ ഭീമന്മാര്‍ ഓരോ മരത്തിന്റെ അടുത്തും ഓരോ വലിയ വലയും നെയ്ത് ഇരിക്കുന്നത് കണ്ടു. പലതിനും പല നിറമായിരുന്നു. പല വലിപ്പവും.

ഇവയെ പറ്റിയുള്ള വിവരങ്ങള്‍ അന്തോണിച്ചന്റെ പോസ്റ്റില്‍ നിന്നു മനസ്സിലാക്കം. ബാക്കി വിക്കിയിലെ ഈ ലേഖനം നോക്കൂ.





ഈ കാണുന്നവള്‍ വലുപ്പം വച്ച ഒരെണ്ണം തന്നെ,, ഇതല്ലേ ശരിക്കും Giant Wood Spiders

പെണ്‍ ചിലന്തികള്‍ അന്‍പത് മില്ലീമീറ്റര്‍ വരെ വളരുമ്പോള്‍ ആണ്‍ ചിലന്തികള്‍ക്ക് അഞ്ച്-ആറ് സെന്റിമീറ്റര്‍ ആണ് വലിപ്പം എന്നത് ശ്രദ്ധേയമാണ്. ഈ പടത്തില്‍ താഴെ കാണുന്നതാണ് ആണ്‍ ചിലന്തി.

June 15, 2009

കല്ലടമുട്ടി (Anabas Testudineus /Climbing perch)

കല്ലട, കല്ലടമുട്ടി, കരട്ടി, അണ്ടികള്ളി, കരിപ്പിടി, എന്നൊക്കെ അറിയപ്പെടുന്ന Anabas Testudineus/Anabas oligolepis (Climbing perch ) ആകട്ടെ ഇന്നത്തെ മീന്‍. ഈ ഒരു മീനിന് ഒരുപാട് പ്രാദേശിക പേരുകളും അതിനെ ചുറ്റിപറ്റി ഒരുപാട് കഥകളും കേള്‍ക്കാറുണ്ട്. അതില്‍ ഒരു കഥ എന്റെ ഒരു പോസ്റ്റില്‍ കാപ്പിലാന്‍ പറഞ്ഞിരിന്നു. (സാന്ദര്‍ഭികമായി പറയട്ടെ, ആ പോസ്റ്റാണ് ഈ ബ്ലോഗ് തുടങ്ങാനുണ്ടായ കാരണം). ഇവന്റെ പേരു 'കരട്ടി'/കൈതമുള്ളന്‍ എന്നാണെന്ന് കാപ്പിലാനും 'കരിപ്പിടി' എന്നാണെന്ന് കുറുമാനും, 'കല്ലേരീ' എന്നാണെന്ന് തോന്ന്യാസിയും 'കല്ലുരുട്ടി' എന്നാണെന്ന് കുഞ്ഞനും 'ചോവനെ കൊല്ലി' എന്നാണെന്ന് നവരുചിയനും ആ പോസ്റ്റിന്റെ കമന്റില്‍ പറഞ്ഞിരുന്നു.

പ്രാദേശിക നാമങ്ങള്‍ : കല്ലട, കല്ലടമുട്ടി, കരട്ടി, കൈതമുള്ളന്‍, അണ്ടികള്ളി, കരിപ്പിടി, കല്ലേരീ, കല്ലുരുട്ടി,ചോവനെ കൊല്ലി


ഏത് വിപരീത സാഹചര്യങ്ങളിലും ജീവിക്കുന്ന ഈ മീന്‍ മണിക്കൂറുകളോളം കരയിലും ജീവിക്കും. ഈര്‍‍പ്പമുള്ള സാഹചര്യങ്ങളില്‍ Accessory air-breathing organ (accessory respiratory organ) ഉപയോഗിച്ച് ഇവയ്ക്ക് അന്തരിക്ഷത്തില്‍ നിന്ന് തന്നെ ജീവവായു വലിച്ചെടുക്കാന്‍ കഴിയും. കുറച്ച് വെള്ളം കിട്ടിയാല്‍ ഒരാഴ്ച്കയെങ്കിലും ഇവ ജീവിക്കും. അതുകൊണ്ട് തന്നെ വെള്ളം വറ്റാറായ കുളങ്ങളില്‍ പോലും ചെളിക്കടിയില്‍ ഇവയെ ജീവനോടെ കാണാന്‍ സാധിക്കുന്നു.

മുകളില്‍ കാണുന്നത് ആണ്, താഴെയുള്ളത് പെണ്ണ്.


ഏഷ്യന്‍ വന്‍‌കരയില്‍ കണ്ടു വരുന്ന ഒരു മീനാണ് ഇവനെങ്കിലും മറ്റു സ്ഥലങ്ങളിലും ഇപ്പോള്‍ ഇവയെ കാണപ്പെടുന്നുണ്ട്. വളര്‍ത്തുമീനായി പലയിങ്ങളിലും ഇവന്‍ എത്തിപ്പെട്ടതാണെന്ന് കരുതുന്നു. ഇളം പച്ച നിറമാണ് കുഞ്ഞുങ്ങള്‍ക്കെങ്കിലും വളര്‍ന്നു വരുമ്പോള്‍ കടുപ്പമുള്ള ചാണകപ്പച്ച നിറമാണ് ഇവയ്ക്ക് സാധാരണ കാണുന്നത്. തെളിഞ്ഞ വെള്ളത്തിലും അക്വേറിയങ്ങളിലും ജീവിക്കുന്നവയ്ക്ക് ഇളം നിറം തന്നെ കാണപ്പെടുന്നുണ്ട്. കട്ടിയുള്ള ചെതുമ്പലുകളോടു കൂടിയ ദേഹത്തിന്റെ മുകള്‍ ഭാഗത്തും താഴെയും നിറയെ കൂര്‍ത്ത മുള്ളുകള്‍ കാണപ്പെടുന്നു.



ജലത്തിലെ പായലുകള്‍ക്കിടയില്‍ കഴിയുന്ന ചെറിയ മീന്‍






ജൈവ അവശിഷ്ടങ്ങള്‍ മുതല്‍ ചെറിയ മീനുകള്‍, മറ്റു ജല ജീവികള്‍ തുടങ്ങിയവ ഒക്കെ ഇവ ആഹാരമാക്കും. ഞങ്ങളുടെ നാട്ടില്‍ ചില കിണറുകളില്‍ ഇവയെ ഇട്ടിരുന്നു. കിണറ്റില്‍ വീഴുന്ന ചെറിയ ജീവികളെ ഇവ തിന്നുകൊള്ളുമല്ലോ.

അതുപോലെ മറ്റൊരു പ്രത്യേകതയാണ് പുല്ലില്‍ കൂടിയും മറ്റും ഇഴഞ്ഞ് നീങ്ങാനുള്ള കഴിവ്. വെള്ളം തേടി ഇവ മീറ്ററുകളോളം കരയില്‍ കൂടി തെന്നി തെന്നി പോകും.
ഇവയുടെ മാംസം അത്ര രുചികരമെന്ന് പറയാനാവില്ലെങ്കിലും ഉറപ്പുള്ളതു കൊണ്ട് വറുക്കാന്‍ നല്ലതാണ്.

May 4, 2009

കണ്ണി /പാലാംകണ്ണി (Megalops cyprinoides )


കണ്ണി എന്ന് ഞങ്ങള്‍ കോട്ടയത്ത് വിളിക്കുന്ന Megalops cyprinoides (Indo-Pacific tarpon) കൂഞ, പാലാംകണ്ണി, നച്ചില്‍, വെളത്താന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇവയില്‍ ആണ്‍ മത്സ്യങ്ങള്‍ പൊതുവേ അഴിമുഖങ്ങളിലും സമുദ്രതീരത്തും ജീവിക്കുന്നു. പെണ്‍ മീനുകള്‍ കായലുകളിലും കണ്ടല്‍ക്കാടുകളിലും കണ്ടു വരുന്നു. പുതുമഴ പെയ്ത് വെള്ളം കായലിലും അഴിമുഖത്തുമെത്തുമ്പോള്‍ ഇവ കൂട്ട കൂട്ടമായി നദികളില്‍ എത്തുന്നു. അപ്പോഴാണ് ഞങ്ങള്‍ക്ക് ഇവനെ കിട്ടിയിരുന്നത്.



നല്ല വെള്ളി നിറത്തില്‍ തിളങ്ങുന്ന ചെതുമ്പലോട് കൂടിയ ഇവ ചെറിയ വെള്ളച്ചാട്ടങ്ങളില്‍ കൂടി തെന്നി തെറിച്ച് ഒഴുക്കിനെതിരെ പോകുന്നത് കാണാന്‍ തന്നെ എന്ത് ഭംഗിയാണെന്നോ ! മാംസത്തില്‍ മുഴുവന്‍ മുള്ളുകളാണെങ്കിലും വറുക്കാന്‍ ഇവന്‍ ബെസ്റ്റ്.



ഇവയും പുല്ലന്‍ എന്നു വിളിക്കുന്ന (കണമ്പ് പോലെയുള്ള ഒരു മീന്‍) മീനുമാണ് പുതുവെള്ളത്തിന് കോട്ടയം ഏരിയയില്‍ സാധാരണ കിട്ടുന്ന മീനുകളില്‍ പ്രധാനപ്പെട്ട രണ്ടിനങ്ങള്‍. മറ്റിനങ്ങളെ പറ്റി പല പോസ്റ്റുകളിലും പറഞ്ഞിട്ടുണ്ട്.

Swim Bladder-ല്‍ (ഒരു പക്ഷേ പരലിന്റെ വയറ്റില്‍ ഇത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും) വായു നിറച്ച് വച്ച് അതില്‍ നിന്നും ഓക്സിജന്‍ വലിച്ചെടുക്കാനുള്ള കഴിവ് കണ്ണികള്‍ക്കുണ്ട്.
പൊതുവെ ചെറിയ ഇനം മത്സ്യങ്ങളെയാണ് ഇവ ആഹരിക്കുന്നത്. ഒന്നര മീറ്റര്‍ വരെ വലുതാകാറുണ്ട് എന്ന് ഫിഷ്‌ബേസില്‍ പറയുന്നുണ്ടെങ്കിലും ഒരടിയില്‍ കൂടുതല്‍ നീളമുള്ളതിനെ ഞാന്‍ കണ്ടിട്ടില്ല എന്നതാണ് വാസ്തവം. കാരണം ശുദ്ധജലത്തില്‍ വളരുന്നവ രണ്ടടി വരയേ വളരാറുള്ളൂ. പതിനെട്ട് കിലോ തൂക്കം വരും എന്ന് പറയുന്നെങ്കിലും ഒരു കിലോയില്‍ കൂടിയതിനേയും ഞാന്‍ കണ്ടിട്ടില്ല. കടലില്‍ ജീവിക്കുന്നവയാണ് വലിയ ഇനം. മറുരാജ്യങ്ങളില്‍ കാണുന്നയിനത്തിന് വലുപ്പവും തൂക്കവും കൂടുമായിരിക്കും.

::::::::: x:::::::::::::::::::::::::::::: x ::::::::::::::::::::::::::::: x :::::::::



ഇനി, ഇവന്റെ വലിയൊരിനം അറ്റ്ലാന്റിക്‍ ഭാഗത്ത് കടലില്‍ കാണപ്പെടുന്നു. Megalops atlanticus (Atlantic tarpon) എന്നാണ് ഇവയുടെ പേര്. രണ്ടര മീറ്റര്‍ നീളവും നൂറ്റമ്പത് കിലോ ഭാരവും ഇതിനുണ്ടാകാറുണ്ട്. അമേരിക്കയിലുള്ളവര്‍ക്ക് ഒരു പക്ഷേ അറിയാമായിരിക്കും, ഇവയെ പിടിക്കുന്നതും സൂക്ഷിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്. പിടിച്ചിട്ട് തിരികെ വിടുകയാണ് പതിവ്. "കൊമ്പനെ" പിടിക്കുന്നതിന് തുല്യമായ ത്രില്‍ ആണ് ഇവയെ പിടിക്കുന്നതിനു ആള്‍ക്കാരെ പ്രേരിപ്പിക്കുന്നത്.





March 15, 2009

വറ്റ അഥവാ Caranx sexfasciatus

വറ്റ
കേരളത്തില്‍ സാധാരണ കറിക്ക് ഉപയോഗിക്കുന്ന ഒരു കടല്‍ മത്സ്യമാണ് വറ്റ അഥവാ Caranx sexfasciatus (Bigeye trevally). 120cm നീളവും 18Kg വരെ തൂക്കവും വരുന്ന മത്സ്യമാണ് വറ്റ. എങ്കിലും മാര്‍ക്കറ്റില്‍ കിട്ടുന്നവ സാധാരണയായി 2-8Kg വരെയുള്ളവയാണെന്ന് തോന്നുന്നു. മറ്റൊരു ഇനമാണ് Caranx melampygus (Bluefin trevally).



കഴിഞ്ഞയാഴ്ച വാങ്ങിയ രണ്ടര കിലോയുള്ള വറ്റ

Caranx sexfasciatus (Bigeye trevally)

Family: Carangidae (Jacks and pompanos)

FishBase name: Bigeye trevally

Max. size: 120 cm TL (male/unsexed; (Ref. 9987));

max. published weight: 18.0 kg

വെളുത്ത കളറോട് കൂടിയ തൊലിയാണ് വറ്റയുടേത്. ചെറിയ ചെതുമ്പലുകള്‍ ദേഹം മുഴുവന്‍ കാണപ്പെടുന്നു. ചെതുമ്പലുകള്‍ വൃത്തിയാക്കിയോ, തൊലി പൊളിച്ചു കഴിഞ്ഞോ വറ്റ വൃത്തിയാക്കാം. നല്ല കുടമ്പുളി ഇട്ട് മുളകും കൂട്ടി കറിവച്ച് ഒരു ദിവസം ചട്ടിയില്‍ തന്നെ വച്ചിട്ട് എടുത്ത് കൂട്ടി നോക്കൂ..ആഹാ... വറ്റക്കറി വളരെ രുചുയുള്ളതാണ്. ചെറിയ കഷണങ്ങളാക്കി മുറിച്ചാല്‍ വറക്കാനും കൊള്ളാം.

കേരളത്തില്‍ തന്നെ പല പേരുകളില്‍ ആണിവ അറിയപ്പെടുന്നതെന്ന് തോന്നുന്നു. പ്രാദേശിക നാമങ്ങള്‍ പലതാകാം. അവരവരുടെ നാട്ടില്‍ പറയുന്നത് എന്തെന്ന് അറിയാവുന്നവര്‍ പറഞ്ഞു തരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.



പ്രാദേശിക നാമങ്ങള്‍ : വറ്റ, കടുങ്ങാപ്പാറ, കുളുവേല്, ഓയ്പാര, മടുതള

കടലിനടിയില്‍ ഇവ കൂട്ടം കൂട്ടമായി കാണപ്പെടുന്നു.

വറ്റയുടെ കുടുംബത്തില്‍ പെട്ടതെങ്കിലും നമ്മുടെ നാട്ടില്‍ കാണാത്ത ഒരിനമാണ് മെക്സിക്കന്‍ തീരങ്ങളിലും പസഫിക്‍ തീരങ്ങളിലും കാണപ്പെടുന്ന 40Kgവരെ തൂക്കം വരുന്ന Caranx melampygus (Bluefin trevally) എന്നയിനവും ആഫ്രിക്കന്‍ തീരങ്ങളിലും അമേരിക്കന്‍ തീരങ്ങളിലും കാണപ്പെടുന്ന Caranx hippos എന്നയിനവും.



Caranx hippos
Family:Carangidae
FishBase name:
Crevalle jack
Max. size: 124 cm
max. published weight: 32.0 kg



ഈ ഇനങ്ങളുടെ മാംസം ഭക്ഷിച്ചാല്‍ Ciguatera എന്ന രോഗാവസ്ഥ വരാം എന്ന് പറയപ്പെടുന്നു. ഇതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്കറിയില്ല. തല്‍ക്കാലം ഒരു ലിങ്ക് തരാം. അതില്‍ കുറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. വായിച്ചു നോക്കൂ.



ഈ സായിപ്പിനെ എനിക്കറിയില്ല... ഫോട്ടൊയ്ക്ക് നന്ദി അറിയിക്കുന്നു.

March 5, 2009

മൊരശ് (Hyporhamphus balinensis)

കോലാനോട് സാമ്യമുള്ള മറ്റൊരു മീനാണ് മുരശ് (Hyporhamphus balinensis). മൊരശ് എന്ന് നാട്ടുഭാഷയില്‍ പറയും. ചിലയിടങ്ങളില്‍ ഊള എന്നും ഓള എന്നും പറയുമെന്നു തോന്നുന്നു. കോലാനില്‍ നിന്ന് ഇതിനുള്ള പ്രധാന വ്യത്യാസം മേല്‍ ചുണ്ടിന് നീളമില്ല എന്നതാണ്. അതുപോലെ മൂര്‍ച്ചയുള്ള പല്ലുകളും ഇല്ല. ശരീരത്തിന്റെ മുകള്‍ ഭാഗത്ത് പച്ച കല്ര്ന്ന കറുപ്പ് നിറത്തോടു കൂടിയ ചെതുമ്പലുകള്‍ കാണാം.

കേരളത്തില്‍ കാണപ്പെടുന്ന ചിലയിനം മൊരശിന്റെ നീണ്ട ചുണ്ടിന്റെ അറ്റത്ത് ചുവന്ന കളറില്‍ ഒരു പൊട്ടു കാണാം. കോലാന്‍ കൂട്ടത്തിന്റെ കൂടെ ഇവയെയും കാണാന്‍ സാധിക്കും. കോലാനെക്കാള്‍ ഇത്തിരി കൂടി ഉരുണ്ട ശരീരമാണ് മൊരശിന്റേത്.
ഇതും വറക്കുന്നതിനും പീര വയ്ക്കുന്നതിനും വളരെ നല്ലതാണ്. ഇവയ്ക്ക് 20cm നീളം വരെ കാണപ്പെടുന്നു. കടലിലും മൊറശിന്റെ വര്‍ഗ്ഗക്കാരെ കാണാം. ഇവയെ പറ്റി പിന്നീട് പറയാം.

പ്രാദേശിക നാമങ്ങള്‍ : മുരശ്, ഊള,ഓള
Hyporhamphus balinensis
Family: Hemiramphidae (Halfbeaks),
subfamily: Hemiramphinae
name: Balinese garfish
Max. size: 16.5 cm SL

Zenarchopterus dispar
Family: Hemiramphidae (Halfbeaks),
subfamily: Zenarchopterinae
Order: Beloniformes (needle fishes)
name: Feathered river-garfish
Max. size: 19.0 cm TL

March 2, 2009

കോല (Freshwater garfish)

കോല /കോലാന്‍

നമ്മുടെ എല്ലാ ജലാശയങ്ങളിലും കാണാവുന്ന ഒരു മീനാണ് കോല (Freshwater garfish/Xenentodon cancila)എന്ന മീന്‍. നീണ്ട ചുണ്ടുകളോട് കൂടിയ ഇവ വെള്ളത്തിന്റെ ഉപരിതലത്തില് കൂടി ഒറ്റക്കും കൂട്ടമായും നടക്കുന്നത് കാണാം. ചുണ്ടുകള്‍ക്കുള്ളില്‍ നിറയെ പല്ലുകള്‍ കാണാം. വിരലില്‍ ഒരു നല്ല മുറിവ് വരുത്താന്‍ തക്ക ബലമുള്ള പല്ലാണ് ഇവയുടേത്.
ഒഴുക്കിനെതിരെ നീന്തി നടക്കുന്ന ഇവ ചെറിയ മീനുകളുടെ കൂട്ടത്തിലേക്ക് ഒരു പാച്ചില് നടത്തി നീണ്ട ചുണ്ടില്‍ ഒരു മീനുമായി ഓടിപ്പോകുന്നത് കാണാം. കൊക്ക് മീനെ പിടിച്ചു കൊണ്ടുപോകുന്നപോലെ. കോലയെ പിടിക്കാന്‍ പൊടിവല എന്നു (ഞങ്ങള്) പറയുന്ന ചെറിയ കണ്ണികള്‍ ഉള്ള വലകള്‍ ആണ് ഉപയോഗിക്കുന്നത്. ചെറുതല്ലെങ്കില്‍ കോല വലയുടെ കണ്ണിയില്‍ കൂടി രക്ഷപെട്ടുപോകും.
കോലയെ പിടിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു മാര്ഗമാണ് 'കോലാക്കമ്പി'. ഇത് അതിഭയങ്കരമായ സങ്കേതം ഒന്നുമല്ല. നീണ്ടു വണ്ണം കുറഞ്ഞ ഒരു കമ്പി. ഒരു മൂന്നടിയെങ്കിലും വരും. വെള്ളത്തിന്റെ മുകളീല്‍ രണ്ട് മൂന്നിഞ്ച് താഴെ നില്ക്കുന്ന വലിയ കോലയുടെ മുതുകു നോക്കി ഒരൊറ്റയടി. അത്രയേ ഉള്ളു. ഭാഗ്യമുണ്ടെങ്കില്‍ കിട്ടും.

കോലായുടെ മുകള്‍ഭാഗത്തിന് പച്ചകലര്‍ന്ന കറുപ്പുനിറവും താഴെ ഭാഗത്തിന് വെള്ളി നിറവും ആണ്. മുകള്‍ഭാഗത്ത് ചെറിയ ചെതുമ്പലുകള്‍ ഉണ്ട്. ഏകദേശം ഒരടി വരെ നീളമുള്ള കോല നമ്മുടെ നാട്ടില്‍ കണ്ടിട്ടുണ്ട്. നാല്പത് സെന്റിമീറ്റര്‍ വരെ നീളം കാണും എന്ന് fishbase പറയുന്നു.



ഇത്തിരി വലിയ കോല ചാറുകറിക്കും വറക്കുവാനും, ചെറിയവ പീരക്കും നല്ലതാണ്.

കോല പലവിധം ഉണ്ട്. കടലില്‍ കാണുന്ന കോല ഉണ്ട്. അതിനെ പറ്റി വേറെ പോസ്റ്റില്‍ പറയാം.
Species name: Xenentodon cancila
Common Names: Freshwater garfish
Family: Belonidae (Needlefishes)
Order: Beloniformes (needle fishes)

February 15, 2009

പൂഞ്ഞാന്‍ / മാനത്തുകണ്ണി

പൂഞ്ഞാന്‍
ഇപ്രവശ്യവും ഒരു ചെറിയ മീനാണ് താരം. Aplocheilus blockii ,Aplocheilus lineatus, Aplocheilus panchax ഇതെല്ലാമാണ് ഇവന്റെ നാമങ്ങള്‍. മലയാളത്തില്‍ സാധാരണയായി പൂഞ്ഞാന്‍ എന്നും മാനത്തുകണ്ണി എന്നും ചൂട്ടന്‍ എന്നും വരയന്‍ പൂഞ്ഞാന്‍ എന്നും ഒക്കെ അറിയപ്പെടുന്ന ഇവനെ പാലായിലും കോട്ടയത്തിന്റെ ചിലയിടങ്ങളിലും പറയുന്നത് നെറ്റിയില്‍ പൊട്ടന്‍ എന്നാണ്.
പൂഞ്ഞാന്‍ / മാനത്തുകണ്ണി . 'ഇവനെ കണ്ടിട്ടില്ല' എന്നാരും പറയില്ല എന്നു കരുതുന്നു.
Aplocheilus lineatus Gold
കേരളത്തിലെ ഒരു വിധപ്പെട്ട എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു മീനാണ് പൂഞ്ഞാന്‍. ആറേഴ് സെന്റിമീറ്റര്‍ നീളം വരുന്ന, ചെറുതോടിന്റെയൊക്കെ തീരത്തോടടുത്ത് കാണപ്പെടുന്ന ഇവനെ പല തരത്തിലും നിറത്തിലും കാണാം.

നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന പൂഞ്ഞാനാണ് ഇവന്‍

വെള്ളത്തില്‍ കാണുന്ന സൂക്ഷ്മജീവികളും ജൈവാശങ്ങളും ഒക്കെയാണ് പ്രധാന ഭക്ഷണം. അതു കൊണ്ട് തന്നെ കൊതുകുകളെ നശിപ്പിക്കുന്നതില്‍ ഇവയും നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്.
പ്രാദേശിക നാമങ്ങള്‍ : പൂഞ്ഞാന്‍ , മാനത്തുകണ്ണി , ചൂട്ടന്‍, വരയന്‍ പൂഞ്ഞാന്‍, പൂച്ചുട്ടി, നെറ്റിയില്‍ പൊട്ടന്‍ , കണ്ണാം ചൂട്ടീ

ഇവയുടെ ചിലയിനങ്ങള്‍ അക്വേറിയം ഫിഷ് ആയി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവ ശക്തി കുറഞ്ഞ മീനാണ്. അതു കൊണ്ട് തന്നെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പെട്ടെന്ന് ചത്തുപോകും.
അക്വേറിയത്തില്‍ കാണപ്പെടുന്ന പൂഞ്ഞാന്റെ വര്‍ഗ്ഗങ്ങളില്‍ ചിലതാണ് താഴെ കാണുന്നവ.


വരയന്‍ പൂഞ്ഞാന്‍

Orangetail killifish

Hechtling

വിവിധയിനങ്ങളുടെ സംഗ്രഹം
Aplocheilus blockii -Green panchax
Aplocheilus lineatus - Striped panchax
Aplocheilus panchax -Blue panchax

Family: Aplocheilidae (Killifishes)
Order: Cyprinodontiformes (rivulines, killifishes and live bearers)
Class: Actinopterygii (ray-finned fishes)
കാണപ്പെടുന്ന സ്ഥലങ്ങള്‍ :Pakistan, India, Bangladesh, Myanmar and the Indo-Malaysian archipelago,Nepal Cambodia, Vietnam, Sri Lanka etc.
courtesy : fishbase

January 30, 2009

കരിങ്കണ, ഈ ചെറിയവനെ അറിയുമോ?

കരിങ്കണ

ഇന്ന് ഒരു ചെറിയ മീനിനെ പരിചയപ്പെടാം. പേര് "കരിങ്കണ". ഇംഗ്ലീഷ് പേര് Pseudosphromenus cupanus, macropodus cupanus . (ഇത് കാണൂ). ഈ മീനിനെ പൊതുവേ ഒരു അക്വേറിയം ഫിഷ് ആയിട്ടാണ് കണക്കാക്കുന്നത്. പക്ഷേ കോട്ടയം, ആലപ്പുഴ ജില്ലകളിലെ പാടങ്ങള്‍ക്കിടയിലെ ചെറിയ കൈത്തോടുകളില്‍ കിടക്കുന്ന ഓരോ ഇലയുടെ അടിയിലും കാണും ഓരോ കരിങ്കണ. കേരളത്തിലെ ഓരോ ചെറിയ അരുവികളിലും തോടുകളിലും ഇവ കാണും എന്ന് തോന്നുന്നു .


പൊതുവേ കാണപ്പെടുന്നവയ്ക്ക് മൂന്ന്-നാല് സെന്റിമീറ്റര്‍ വലിപ്പമാണുള്ളത്. മാക്സിമം അഞ്ച്-ആറ് സെന്റിമീറ്റര്‍ നീളം മാത്രമേ ഇവയ്ക്കുള്ളൂ.



ഇവയെ പിടിച്ച് ചൂണ്ടയില്‍ കൊരുക്കാന്‍ ഇരയായും, വീട്ടുമുറ്റത്തെ ടാങ്കില്‍ കിടക്കുന്ന വരാലിന് ഭക്ഷണമായും ഒക്കെ കൊടുത്തിട്ടുണ്ട്.

പണ്ടൊക്കെ ഇവയിലെ നല്ല കളര്‍ ഉള്ളവയെ പിടിച്ച് കുപ്പിയിലിട്ട് മേശപ്പുറത്ത് വച്ചിട്ടുണ്ട്. പല തരത്തിലുള്ള കരിങ്കണകള്‍ നമ്മുടെ നാട്ടില്‍ കാണപ്പെടുന്നുണ്ട്. വാലു നീണ്ടതും ചുവന്ന കളറില്‍ ഉള്ളതും ഒക്കെയുണ്ട്.


നമ്മുടെ നാട്ടില്‍ പൊതുവേ കാണപ്പെടുന്ന മറ്റൊരിനം കരിങ്കണയാണ് Pseudosphromenus dayi. നീണ്ട വാലുകള്‍ ഉള്ള ഇവയെ കാണാന്‍ ഇത്തിരി ഭംഗി കൂടുതല്‍ ഉണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട് : Informatie Gids

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍