ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

November 1, 2008

കേരളത്തിലെ മത്സ്യങ്ങള്‍‍, വരാല്‍ (Channa striata)

ചൂണ്ടയിട്ടും, വലവീശിയും ആറ്റു തീരത്ത് കഴിച്ചു കൂട്ടിയ നാളുകളിലേക്ക് ഒരു തിരിച്ചുപോക്ക്. അന്ന് കിട്ടിയിരുന്ന പലതരം മീനുകളെപറ്റിയാണ് ഈ പോസ്റ്റുകള്‍. പല നാട്ടിലും പല പേരുകളില്‍ അറിയപ്പെടുന്ന ഈ മീനുകളുടെ പേരുകള്‍ കമന്റുകളില്‍ നിന്ന് മനസ്സിലാക്കുക എന്നതും അത് ഇനി വായിക്കുന്നവര്‍ക്ക് കൂടി പ്രയോജനപ്പെടട്ടെ എന്ന ചിന്തയുമാണ് ഇങ്ങനെ ഒരു പരമ്പര തുടങ്ങാന്‍ കാരണം. മത്തിക്ക് പോലും പല പേരുകള്‍ ഉള്ളപ്പോള്‍ നാട്ടു മല്‍സ്യങ്ങള്‍ക്ക് എത്ര പേരുകള്‍ കാണും?


വരാല്‍

തുടക്കം വരാലില്‍ നിന്നാകട്ടെ.നമ്മുടെ ജലാശയങ്ങളില്‍ സാധാരണ കണ്ടു വരുന്ന ഒരു മല്‍സ്യമാണ് വരാല്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന, കണ്ണന്‍ എന്ന് വടക്കോട്ട് വിളിക്കുന്ന വ്രാല്‍ എന്ന് ചിലര്‍ പറയുന്ന ഈ മീന്‍. Snakehead എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Channa striata എന്നാണ്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മീന്‍ എന്ന് പറയപ്പെടുന്നു. ഒന്നര, രണ്ട് , രണ്ടര കിലോ വരെ ഉള്ളവയെ ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്.


വരാല്‍

വരാല്‍

തുലാമാസത്തില്‍ കൃഷിക്കായി കണ്ടത്തിലെ വെള്ളം വറ്റിക്കുമ്പോള്‍ ആറുകളില്‍ എത്തുന്ന ഇവയെ വീശാന്‍ നോക്കി നിന്നിട്ടുണ്ട്. ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൂടുമ്പോള്‍ വെള്ളത്തിന് മുകളില്‍ വന്ന് മറിഞ്ഞ് വെള്ളമെടുക്കുന്ന ഇവയെ അത് കണ്ടിട്ടാണ് ഞങ്ങള്‍ വലവീശി പിടിച്ചിരുന്നത്. (അതല്ലാതെയും വീശുമ്പോള്‍ കിട്ടിയിരുന്നു). ഒരു കാലത്ത് (തൊണ്ണൂറുകളുടെ ആദ്യം) ഓരുവെള്ളം കയറിയത് മൂലം വേമ്പനാട് കായലിലെ മീനുകള്‍ക്ക് അസുഖം വന്നപ്പോള്‍ ഏറ്റവുമധികം നാശം വന്നത് വരാലുകള്‍ക്കാണെന്ന് തോന്നുന്നു.

വരാല്‍
പ്രാദേശിക നാമങ്ങള്‍ : വരാല്‍, ബ്രാല്‍, കണ്ണന്‍, കൈച്ചില്‍

ഇതിന്റെ തന്നെ കുടുംബത്തില്‍ ഉള്ള ചേറുമീന്‍ അഥവാ പുള്ളിവരാല്‍ (Channa marulius), വാക (Channa micropeltes) എന്നിവയും നമ്മുടെ ജലാശയങ്ങളില്‍ കണ്ടു വരുന്നു. ചേറുമീന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന വരാലിന്റെ വാലിന്റെ ഭാഗത്ത് നല്ല കളര്‍ ഡിസൈന്‍ കണ്‍റ്റു വരുന്നു. നിങ്ങളൊക്കെ ഈ മീനുകളെ എന്താണ് വിളിക്കുന്നത് എന്ന് എനിക്കറിയില്ല.

വാക
ചേറുമീന്‍

ഇവന്റെ ഒരു ചെറിയ വേര്‍ഷന്‍ ഉണ്ട്. ചെറിയ തോടുകളിലും ഒഴുക്കുവെള്ളത്തിലും ഇലകള്‍ക്കടിയില്‍ നിന്നും തല വെളിയിലിട്ടു നില്‍ക്കുന്ന "വട്ടോന്‍" എന്ന് ഞങ്ങള്‍ വിളിക്കുന്ന ഒരു ചെറിയവന്‍. ഇവന് ഒരു ആറിഞ്ച് അല്ലെങ്കില്‍ എട്ടിഞ്ച് നീളമേ കാണൂ. അവനേകൂടി കാണൂ..



വട്ടോന്‍

49 comments:

അനില്‍ശ്രീ said...

ചൂണ്ടയിട്ടും, വലവീശിയും ആറ്റു തീരത്ത് കഴിച്ചു കൂട്ടിയ നാളുകളിലേക്ക് ഒരു തിരിച്ചുപോക്ക്. അന്ന് കിട്ടിയിരുന്ന പലതരം മീനുകളെപറ്റിയാണ് ഈ പോസ്റ്റുകള്‍. പല നാട്ടിലും പല പേരുകളില്‍ അറിയപ്പെടുന്ന ഈ മീനുകളുടെ പേരുകള്‍ കമന്റുകളില്‍ നിന്ന് മനസ്സിലാക്കുക എന്നതും അത് ഇനി വായിക്കുന്നവര്‍ക്ക് കൂടി പ്രയോജനപ്പെടട്ടെ എന്ന ചിന്തയുമാണ് ഇങ്ങനെ ഒരു പരമ്പര തുടങ്ങാന്‍ കാരണം. മത്തിക്ക് പോലും പല പേരുകള്‍ ഉള്ളപ്പോള്‍ നാട്ടു മല്‍സ്യങ്ങള്‍ക്ക് എത്ര പേരുകള്‍ കാണും?

കാപ്പിലാന്‍ said...

അനിലേ ,ഇതിനെ ഞാന്‍ വരാല്‍ എന്നാണ് പറയുന്നത് .ഇനി മുശി,ചാത്തി,കുറുവാ ,പരല്‍ ,പള്ളത്തി ഇവയെല്ലാം പോന്നോട്ടെ :)

BS Madai said...

ഞങ്ങളുടെ നാട്ടില്‍ ഇതിനെ ‘കൈച്ചില്‍’ എന്നും പറയും. ചെറുപ്പത്തില്‍ ഇഷ്ടം പോലെ ചൂ‍ണ്ടല്‍ ഇട്ട് പിടിച്ചിട്ടുണ്ട് - ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആ നാളുകളീലേക്ക് വീണ്ടും തിരിച്ചുപോ‍യി....നന്ദി.

vimathan said...

തൃശൂര്‍ ഭാഗത്തൊക്കെ ഇതിനെ ബ്രാല് എന്ന് പറയും, കുറച്ചു കൂടി വടക്കോട്ട് പോയാല്‍ , കുന്നംകുളത്തൊക്കെ കണ്ണന്‍ എന്നും വിളിച്ച് കേട്ടിട്ടുണ്ട്. പാലക്കാട്ടുകാരും കണ്ണന്‍ എന്നാണ് പറയുക എന്ന് തോന്നുന്നു. നല്ല സംരംഭം.

അനില്‍ശ്രീ said...

കാപ്പിലാന്‍,
എല്ലാം വരും. അതാതിന്റെ ശാസ്ത്രീയ നാമങ്ങള്‍ ഉള്‍പ്പെടെ. സമയം മാത്രമാണ് പ്രശ്നം. എനിക്ക് ഇഷ്ടപ്പെട്ട ഒരു വിഷയം ആണ്. അതാതിന് പല സ്ഥലങ്ങളില്‍ പറയുന്ന പേരുകള്‍ അറിയണം, അതാണ് പ്രധാന ഉദ്ദേശം. പിന്നെ, ആര്‍ക്കു വേണമെങ്കിലും റഫര്‍ ചെയ്യാമല്ലോ...

മടായി.. പുതിയ പേരിന് നന്ദി. പേരുകള്‍ എല്ലാം ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

പ്രയാസി said...

തിരോന്തരത്ത് ബ്രാലെന്നു പറയും

വലിയ അറിവില്ല അനിലേ..

ഓടോ: നല്ലൊരു സംരഭമാ..
മത്സ്യങ്ങളീന്നു തുടങ്ങി മരച്ചീനിയില്‍ എന്തായാലും എല്ലാ ആകാംശയും അവസാനിച്ചോളും..;)

Mr. K# said...

നല്ല സംരംഭം. തൃശൂർ ഭാഗങ്ങളിലും പേരുകൾ ഇതൊക്കെ തന്നെ. വട്ടോനെ(വട്ടാനെ) ചൂണ്ടയിൽ കോര്ക്കാനുപയോഗിക്കാറ് :-)

പണ്ടു ധാരാളം കിട്ടിയിരുന്ന എന്നാൽ ഇന്നു മണലെടുപ്പുമൂലം വംശനാശം വന്നു പോയ ഒരു മീനുണ്ട്. പൂളാന്‍ എന്നാണു ഞങ്ങൾ വിളിക്കാറ്. അനിൽ കേട്ടിട്ടുണ്ടോ?

അനില്‍ശ്രീ said...

വിമതന്‍, ഈ പേരുകള്‍ പോസ്റ്റില്‍ തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്.

പ്രയാസി.. നന്ദി.
.
കുതിരവട്ടന്‍, കേട്ടിട്ടുണ്ടെന്ന് മാത്രമല്ല, കണ്ടിട്ടുമുണ്ട്. അവനേയും ഇവിടെ കാണിക്കാം.. കാത്തിരിക്കൂ.. അടുത്ത പോസ്റ്റ് അവന്‍ തന്നെയാകട്ടെ..

അനില്‍@ബ്ലോഗ് // anil said...

നന്നായി.
എനിക്ക് ഒറ്റയെണ്ണത്തിന്റെ പേരുപോലും അറിയില്ലായിരുന്നു. നന്ദി

കുഞ്ഞന്‍ said...

അനില്‍ മാഷെ..

ബ്രാല്‍ എന്നാണ് ഞങ്ങളുടെ ഭാഗത്ത് (ആലുവ)പറയുന്നത്. ഇവ ഒഴുക്കുള്ള സ്ഥലത്ത് കാണപ്പെടില്ല.

ചേറ് മീനിന്റെ കൂടെ മിക്യപ്പോഴും കുഞ്ഞുങ്ങളെക്കാണാം. നല്ല ചുവന്ന കുഞ്ഞുങ്ങള്‍ അതുകൂടാതെ ചേറ് മീന്‍ ഉള്ള സ്ഥലത്ത് കുമിളകള്‍ നുരച്ച് പൊങ്ങുന്നതുകാണാം. ഈ വര്‍ഗ്ഗത്തില്‍ ഏറ്റവും വലുതാകുന്നതും ഇവന്‍ തന്നെ.

ബ്രാലിനെ വളര്‍ത്താറുണ്ട് കോഴിയുടെ അവശിഷ്ടങ്ങളാണ് തീറ്റയായി കൊടുക്കുന്നത്. സ്ഥിരം തീറ്റ കൊടുക്കുന്നയാളിനെ ഇവക്ക് തിരിച്ചറിയാന്‍ പറ്റും. അവര്‍ ചൂളമടിച്ചാല്‍ പൊങ്ങിവരും ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാണ്. അതുപോലെ ബ്രാലിനെ കൈകൊണ്ടു പിടിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ് കാരണം നല്ല വഴുവഴുകാണ് ഇവയുടെ ശരീരം.

വട്ടോന്‍ മീന്‍, ഇവയുടെ തലയില്‍ പുഴുവുണ്ടാകും ആയതിനാല്‍ അധികം കഴിക്കാന്‍ എടുക്കാറില്ല. കണ്ടു കഴിഞ്ഞാല്‍ ബ്രാലാണന്നെ പറയൂ. ഒരു മന്ദബുദ്ധി മീനെന്നും വിളിക്കാം. ഇവയുള്ള സ്ഥലത്ത് ഇരയിടാതെ തന്നെ ചൂണ്ടയിട്ടാല്‍ ചിലപ്പോളിവന്‍ കുടുങ്ങും.

അനില്‍ മാഷെ..ഇതൊരു നല്ല സംരംഭം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഓര്‍മ്മകള്‍ക്കും ഒരു പുതു ജീവന്‍ നല്‍കാനും പുതിയ അറിവ് നേടാനും ഇതുവഴികഴിയും. അഭിനന്ദനങ്ങള്‍

കാപ്പിലാന്‍ said...

എനിക്കറിയാവുന്ന ചില മീനുകള്‍ ,കരട്ടി പോലെ തന്നെയിരിക്കുന്ന വായ ഒരു പേഴ്സ് പോലെ ഇരിക്കുന്ന മുതുപ്പിലാ ,മുശിയുടെ കൂട്ടിരിക്കുന്ന കുത്തുന്ന കാരി എന്ന മീന്‍ .ആരകന്‍,കുറുവായെ പോലെ ഇരിക്കുന്ന ചന്കണ്ണി,പുളവനെ പോലെയിരിക്കുന്ന മുശുബ്ലാന്ക്,കൂര്‍ത്ത ചുണ്ടോടുകൂടിയ കോക്കോല.വെള്ളത്തിന്‌ മുകളില്‍ കാണപ്പെടുന്ന ചുട്ടിപൂശാന്‍ ...ഇത്രയൊക്കെ അറിയാം .ഞാന്‍ നല്ല വീശുകാരന്‍ ആണ് അനിലേ :)

ജിജ സുബ്രഹ്മണ്യൻ said...

ഇങ്ങനെ ഒരു ഉദ്യമം വളരെ നല്ലതു തന്നെ..വരാലിനു ഞങ്ങളും ബ്രാല്‍ എന്നാ പറയുന്നെ..വട്ടോന്‍,കാരി,ആരോന്‍ തുടങ്ങിയവ നാട്ടില്‍ പ്രചാരത്തില്‍ ഉള്ള ചില മീനുകള്‍..ആധികാരികമായി പറയാന്‍ വല്യ വിവരം ഇല്ല

അനില്‍ശ്രീ... said...

അനില്‍, സ്ഥിരമായി നോക്കിക്കോളൂ.. പഠിപ്പിക്കാം.. :)

കുഞ്ഞന്‍, ഇത്ര വിശദമായ കമന്റിന് നന്ദി. വട്ടോനെ ഞങ്ങളും കറിക്ക് ഉപയോഗിക്കാറില്ല. ചേറുമീനെ പറ്റി പറഞ്ഞാല്‍ കോട്ടയം ഏരിയയിലെ കിണറുകളില്‍ ചിലപ്പോള്‍ ഇവനെ കാണാം. കിണറ്റില്‍ വീഴുന്ന ചെറിയ ജീവികളെ ഒക്കെ ഇവന്‍ വെട്ടിയടിച്ചോളും.

കാപ്പിലാന്‍.. അവനെയൊക്കെ എനിക്കും അറിയാം. വരട്ടെ..പുറകെ വരും.. ഇതുപോലെ എന്നെ ഒന്ന് ഓര്‍മിപ്പിച്ചാല്‍ മതി. ഒരോന്നും ഒരോ പോസ്റ്റ് ആക്കാം,.,, ലേബലും കൊടുക്കാം. പിന്നെ നല്ല "വീശുകാരന്‍" ആണെന്ന് ആര്‍ക്കാണറിയാത്തത്?

കാന്താരിക്കുട്ടി.. നന്ദി...എല്ലാം നമുക്ക് ആധികാരികം ആക്കാം.

ഗോപക്‌ യു ആര്‍ said...

ബ്രാല്‍ എന്നാണ് ഞങ്ങളുടെ നാട്ടില് പറയുന്നത്.
വരാല് ആണ് സാധനം എന്നു കുറ്ച്ചുകാലം
മുന്പാണ് അറിഞ്ഞത്

ശ്രീവല്ലഭന്‍. said...

നല്ല വരാല്‍! വട്ടാന്‍ തിരുവല്ലാക്കാര്‍ കഴിക്കാറില്ല. വരാലിന്റെ കുഞ്ഞുങ്ങള്‍ക്ക് നല്ല ചുവപ്പും ഓറഞ്ജും നിറമാണ്. പണ്ട് അതിനെ കുപ്പിയിലാക്കി വളര്‍ത്തുമായിരുന്നു. :-)

മാണിക്യം said...

അനില്‍ശ്രീ
നല്ല ഒരു പോസ്റ്റ്,
മീനിന്റെ പേരുകള്‍ ഞാനും ഇതൊക്കെ
തന്നെ പറയുന്ന കൊണ്ട്.പുതിയ പേരു
വരുന്നത് നോക്കിയിരിക്കുന്നു
കേരളപിറവിദിനാശംസകള്‍!

ബിന്ദു കെ പി said...

ഞങ്ങളുടെ നാട്ടിലും ഇതിനെ ബ്രാൽ എന്നാണ് പറയുന്നത്. ബ്രാലും വരാലും ഒന്നാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.

Sanal Kumar Sasidharan said...

ഞങ്ങൾ ബ്രാൽ എന്ന് പറയും ഇതിനെ. എന്തായാലും ഈ സംഗതി ഇഷ്ടമായി നിർത്തിക്കളയല്ലേ മുന്നേറൂ..ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചെറുജീവികൾക്കെല്ലാം ഇവിറ്റെ ഇടം കണ്ടെത്താൻ കഴിഞ്ഞാൽ ഏതൊരു മഹത്തായ ഭാവനാസൃഷ്ടിയെക്കാളും വലുതാവും ഇത്

Sanal Kumar Sasidharan said...

വാക,ചെറുമീൻ,വട്ടോൻ ഒന്നും കണ്ടിട്ടില്ല

smitha adharsh said...

ബ്രാലിനാണല്ലോ ഭൂരിപക്ഷം..?
ഞങ്ങള്‍ ബ്രാല്‍ എന്ന് തന്നെ പറയുന്നു..നല്ല പോസ്റ്റ് കേട്ടോ.

അനില്‍ശ്രീ said...

ഗോപക്, ഇനിയും എന്തെല്ലാം അറിയാനിരിക്കുന്നു. അല്ലേ,,,

ശ്രീവല്ലഭന്‍, മാണിക്യം, ബിന്ദു കെ.പി , നന്ദി..

സനാതനന്‍, നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല, മറ്റു ബ്ലോഗ് പോസ്റ്റുകളുമായി കൂട്ടി കുഴക്കണ്ട എന്ന് കരുതിയാണ് ഇതിനു വേണ്ടി ഒരു ബ്ലോഗ് തന്നെ തുടങ്ങിയത്.

സ്മിത.. പക്ഷേ ബ്രാല്‍ എന്ന് പറയുന്നവരാണ് കമന്റ് ഇട്ടവരില്‍ കൂടുതല്‍ എന്ന് ഞാന്‍ പറഞ്ഞാലോ? .. :)

കാവലാന്‍ said...

ആഹ......!!! ഇപ്പരിപാടിയും തുടങ്ങിയോ???. എന്നെക്കൊണ്ടു ചൂണ്ടയെടുപ്പിക്കല്ലേ.

അതില്‍ ആ വട്ടോനെന്നു പറയുന്നവനില്ലേ അവെനെ ഞങ്ങളുടെ നാട്ടില്‍ ചെടയന്‍കര്തല എന്നു പറയും.
പ്രസിദ്ദമായത് എന്താന്നു വച്ചാല്‍ പ്രാന്തത്തി അയ്യയുടെ ആത്മഗമാണ്.

"ദ് നോക്കണേന്റെ മാളോരേ ഇക്കണ്ട കാടുമുഴ്വോനും കത്തീട്ടും ന്റെ കര്തലക്കുട്ടന്‍ വെന്തില്യാട്ടോ... കഷ്ടം!."

Jayasree Lakshmy Kumar said...

ഞങ്ങൾക്കും ഇവൻ ബ്രാൽ ആണു കെട്ടോ

വളരേ നന്നായി ഇങ്ങിനെ ഒരു ഉദ്യമം. ഇത് ഇത്തരത്തിലുള്ള ആദ്യ ബ്ലോഗാണെന്നു തോന്നുന്നൂ. ആശംസകൾ. ഇനിയും പോരട്ടെ

Unknown said...

നന്നായിരിക്കുന്നു മാഷെ

കിഷോർ‍:Kishor said...

ഇതു ബ്രാല്.. കുള-മത്സ്യങ്ങളില്‍ ഏറ്റവും രുചിയും വിലയും കൂടിയവന്‍..

കുളത്തില്‍ ചൂണ്ടലിട്ടു മീന്‍ പിടിക്കുന്നതിനേക്കാള്‍ വലിയൊരു ത്രില്‍ ബാല്യത്തിലുണ്ടാകില്ല!

മുഴു, കടു എന്നിവയായിരുന്നു ചൂണ്ടയില്‍ കൊത്തിയ മറ്റിനങ്ങള്‍..

അനില്‍ശ്രീ said...

കാവലാന്‍ ...

ലക്ഷ്മി, അനൂപ്, കിഷോര്‍, അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും നന്ദി..

അനോണി ആന്റണി said...

അനില്‍ശ്രീ,
പുതിയ സം‌രംഭം ഉഗ്രന്‍. നിറയേ പടങ്ങളുണ്ടല്ലോ.

ബ്രാലിനെ നാട്ടില്‍ ആരെങ്കിലും വളര്‍ത്തി വില്‍ക്കുന്നുണ്ടോ? ഇവിടെ (യൂ ഏ ഈയില്‍ വളര്‍ത്തിയ ബ്രാലാണ്‌ കിട്ടുന്നത് എന്ന് മീന്‍‌കാരന്‍ പറയുന്നു- അതുകൊണ്ട് രുചി കുറവാണത്രേ)

സിദ്ധാര്‍ത്ഥന്‍ said...

വരാലിനെ ഞങ്ങള്‍ പാലക്കാട്ടുകാര്‍ ചൊടിയന്‍ എന്നു വിളിക്കും. പുഴമത്സ്യങ്ങളില്‍ അക്കാലത്തു് ഏറ്റവും രുചിയും ഡിമാന്റും അതിനായിരുന്നു. ഡിമാന്റു കുറഞ്ഞ ഒരെണ്ണമാണു് പൂഴാന്‍. വരാലിന്റെ ആകൃതി എന്നാല്‍ മഞ്ഞ പുള്ളിക്കുത്തുണ്ടാവും. രുചികുറവു്. ഇതിന്റെ ഒറിജിനല്‍ പേരെന്താണാ‍വോ?

സിദ്ധാര്‍ത്ഥന്‍ said...

.

അനില്‍ശ്രീ... said...

സിദ്ധാര്‍ത്ഥന്‍,
പൂളോനെ പറ്റിയുള്ള പോസ്റ്റ് കണ്ടില്ലേ? വരാലിനെ ചൊടിയന്‍ എന്നു വിളിക്കുന്ന കാര്യം ഇപ്പോള്‍ ആണ് അറിഞ്ഞത്. പാലക്കാട് ഏരിയയില്‍ കണ്ണന്‍ എന്നാണ് വിളിക്കുന്നത് എന്നാണ് കരുതിയിരുന്നത്.

നവരുചിയന്‍ said...

ഇതിനെ വരാല്‍ എന്നാണ് ഞങ്ങളുടെ നാട്ടില്‍ പറയുന്നത് .. ഇതില്‍ വാക വരാലിനെ പാറ്റ ഇര ആയി ഇട്ടു കൊടുത്തു പിടിക്കാറുണ്ട്. വട്ടാന്‍ വരാല്‍ഇന്‍റെ കുഞ്ഞു ആണ് എന്നാണ് ഞാന്‍ പണ്ടു കരുതിയിരുനത് . വലുതാകാന്‍ വേണ്ടി കുറെ കാലം വളര്‍ത്തി നോക്കി . അവസാനം അച്ഛന്‍ പറഞ്ഞു തന്നു .

ഒരിക്കല്‍ ഫിഷറീസ്കാരുടെ ഒരു exibition കാണാന്‍ പോയപ്പോള്‍ അവിടെ ദേഹത്തിനു മഞ്ഞ നിറവും ദേഹത്ത് കറുത്ത വലിയ പുള്ളികളും ഉള്ള ഒരു വരാലിനെ കണ്ടു മഞ്ഞ വരാല്‍ എന്നോ പുള്ളി വരാല്‍ എന്നെന്തോ ആയിരുന്നു പേരു ... വംശനാശം സംഭവിക്കാര്‍ അയ ഇനം ആണ് എന്ന് അവര്‍ പറഞ്ഞു ..ഇതു ഒരു 5-6 കൊല്ലം മുന്‍പ് ആണ്

Thaikaden said...

Ithine natuve keeri, kampiyil korthu veyilathu unakki kurekkalam veykkam.(VEESUMPOL nallathaanu)

ജയതി said...

ചേറ്റു മീനിനെ ‘പൂന്തി’യെന്നും വിളിക്കാറുണ്ട്.

VIJESH T G said...
This comment has been removed by the author.
VIJESH T G said...

പ്രിയ അനില്‍
ഞാന്‍ ഒരു ലോക്കല്‍ മീന്‍ പീടുത്തക്കാരന്‍ ആണ്. പക്ഷേ ഈ പറഞ്ഞ വകകളെ ഞാന്‍ കണ്ടിട്ട്‌ കൂടി ഇല്ല. ഇപ്പോള്‍ മനസിലായി ഞാന്‍ ഒന്നുമല്ല എന്ന്. ഇനി പ്രധാന കാര്യം... ചെമ്പല്ലി എന്നൊരു മീന്‍ ഉണ്ട്‌. കണ്ണൂര്‍, കാസര്‍ഗോഡ്‌ ഭാഗങ്ങളില്‍ അങ്ങനെയാണ് പറയാറ്‌. കായല്‍ മത്സ്യം ആണ്. ഏകദേശം കരീമീന്റെ ആകൃതി. നല്ല ചോര ചുവപ്പില്‍ ശരാശരി 2.5-3 കിലോ വരെ വളരും. സാധാരണ ചൂണ്ടയിലാണ്‌ കിട്ടാറ്. ഇതിനെ പറ്റി എന്തെങ്കിലും വിവരം കിട്ടിയാല്‍ പോസ്റ്റ് ചെയ്യുക.

അനില്‍ശ്രീ... said...

ഉദ്ദേശിച്ച മീന്‍ ഇതു തന്നെയാണോ എന്ന് നോക്കൂ. കല്ലട, കല്ലടമുട്ടി

Mr. K# said...

ചെമ്പല്ലി എന്നു പറയുന്നത് കല്ലടയല്ല. കല്ലട കറുപ്പല്ലേ, ഇതു ചുവപ്പ്. ഞാന്‍ പണ്ട് പുഴയില്‍‌‌ നിന്നും ചൂണ്ടയിട്ട് പിടിച്ചിട്ടുണ്ട് ഏതാണ്ട് ഒരു കിലോയോളം‌‌ ഉണ്ടായിരുന്നു.

അനില്‍ശ്രീ... said...

K, ആ ചെമ്പല്ലിയെ എനിക്കറിയാം. പക്ഷേ മുകളില്‍ രാജേഷ് പറഞ്ഞ ചെമ്പല്ലി താങ്കള്‍ ഉദ്ദേശിച്ച ചെമ്പല്ലി അല്ല എന്ന് തോന്നിയതിനാല്‍ ആണ് ഇങ്ങനെ ഒരു ലിങ്ക് കൊടുത്തത്.

Outintherain said...

ഞങ്ങള്‍(കോഴിക്കോട്ടുകാര്‍)ഇവനെ ബ്രാല്‍ എന്ന് വിളിക്കും.വട്ടോനെ തോടന്‍ എന്നാണു പറയുന്നത്.

Outintherain said...
This comment has been removed by the author.
Unknown said...

anna ee varale pidikkunath enganaya

Unknown said...

കൃഷി വിവരണം - നെൽകൃഷിയിൽ കർഷകനോടൊപ്പം
http://harisjourney.blogspot.in/2013/11/blog-post_13.html
http://harisjourney.blogspot.in/2013/11/blog-post.html
http://harisjourney.blogspot.in/2013/11/blog-post_28.html
http://harisjourney.blogspot.in/2013/12/28.html

മീനച്ചിലാറിൽ "വാകവരാൽ" പ്രത്യക്ഷപ്പെട്ടപ്പോൾ
http://harisjourney.blogspot.in/2013/12/blog-post_13.html

Unknown said...

കൃഷി വിവരണം - നെൽകൃഷിയിൽ കർഷകനോടൊപ്പം
http://harisjourney.blogspot.in/2013/11/blog-post_13.html
http://harisjourney.blogspot.in/2013/11/blog-post.html
http://harisjourney.blogspot.in/2013/11/blog-post_28.html
http://harisjourney.blogspot.in/2013/12/28.html

മീനച്ചിലാറിൽ "വാകവരാൽ" പ്രത്യക്ഷപ്പെട്ടപ്പോൾ
http://harisjourney.blogspot.in/2013/12/blog-post_13.html

sha said...

നല്ല ശ്രമം ആശംസകൾ . ഒരു സംശയം
കിണറുകളിൽ മത്സ്യം വളരുന്നത് നല്ലതാണോ. എന്റെ വീട്ടിൽ ചേറ്‌ മീൻ വളരുന്നുണ്ട്





Unknown said...

Champally in English mangrove jack...

Unknown said...

സുഹൃത്തേ

പാമ്പിന്റെ തലയോട് സാദൃശ്യമുള്ള തല ആയതിനാൽ ആണ് ഇവയെ snakehead എന്ന് ഇംഗ്ലീഷ് ൽ വിളികുന്നത്.ഏകദേശം 40ഓളം ഇനങ്ങൾ ഉണ്ട് വരാലിന്റെ കുടുംബമായ channidae യിൽ.താങ്കൾ ഇട്ട രണ്ട് pictures ഉം തെറ്റാണ് ചെറുവാക ആണെന്നും പറഞ്ഞു കൊടുത്തിരിക്കുന്നത് channa asiatica എന്ന ഇനത്തിന്റെ ചിത്രം ആണ്.
പുലിവാക യെ channa diplogramma എന്നാണ് biological name,, താങ്കൾ പടം നൽകി പറഞ്ഞിരിക്കുന്ന channa micripeltes മലേഷ്യ തായ്‌ലൻഡ് സിങ്കപ്പൂർ പോലുള്ള വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന വരാൽ കുടുംബത്തിൽ പെട്ട പുലി വാകയോട് രൂപ സാധൃശ്യമുള്ള മത്സ്യമാണ് നമ്മുടെ നാട്ടിൽ ഇല്ല അത് .പല പ്രായത്തിൽ വിവിധ കളർ പാറ്റെൺസ് ആണ് പുലി വാകയ്ക് അത് കണ്ട് ഇവ പല ഇനത്തിലുള്ള മൽസ്യങ്ങളാണെന്ന് തെറ്റുധരിച്ച പണ്ടുള്ളവർ പല പേരിൽ ഇവയെ വിളിച്ചുപോന്നു - മയിൽ വാക, കൃഷ്ണവാക, നീലവാക, കരിവാക, മണൽവാക എന്നൊക്കെ.. ചേറു വരാൽ ne pseudo marulia എന്നും common ആയി bullseye snakehead എന്നും വിളിക്കും, channa orientalis ആണ് വട്ടോന്റെ ശാസ്ത്രീയ നാമം,dwarf snakheads ൽ ഉൾപെടും, ശ്രീലങ്കയിലും കേരളാ തമിഴ്നാട്‌ ലുമൊക്കെയേ കാണാനാവൂ ഇവയെ.നാടൻ വരാൽ ആണ് channa striata..ബാക്കി ഉള്ള ഏതാണ്ട് 36ഓളം ഇനങ്ങളും നമുക്ക് അന്യമാണ്.
നല്ലൊരു ബ്ലോഗ്‌ ആണ്. തിരുത്തുമെന്ന് വിചാരിക്കുന്നു.. ആരും ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം വിഷയങ്ങളെകുറിച്ചു എഴുതിയത് നല്ലൊരു കാര്യമാണ്.
അഭിനന്ദനങ്ങൾ 👍👍👍👍

Unknown said...

സുഹൃത്തേ

പാമ്പിന്റെ തലയോട് സാദൃശ്യമുള്ള തല ആയതിനാൽ ആണ് ഇവയെ snakehead എന്ന് ഇംഗ്ലീഷ് ൽ വിളികുന്നത്.ഏകദേശം 40ഓളം ഇനങ്ങൾ ഉണ്ട് വരാലിന്റെ കുടുംബമായ channidae യിൽ.താങ്കൾ ഇട്ട രണ്ട് pictures ഉം തെറ്റാണ് ചെറുവാക ആണെന്നും പറഞ്ഞു കൊടുത്തിരിക്കുന്നത് channa asiatica എന്ന ഇനത്തിന്റെ ചിത്രം ആണ്.
പുലിവാക യെ channa diplogramma എന്നാണ് biological name,, താങ്കൾ പടം നൽകി പറഞ്ഞിരിക്കുന്ന channa micripeltes മലേഷ്യ തായ്‌ലൻഡ് സിങ്കപ്പൂർ പോലുള്ള വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന വരാൽ കുടുംബത്തിൽ പെട്ട പുലി വാകയോട് രൂപ സാധൃശ്യമുള്ള മത്സ്യമാണ് നമ്മുടെ നാട്ടിൽ ഇല്ല അത് .പല പ്രായത്തിൽ വിവിധ കളർ പാറ്റെൺസ് ആണ് പുലി വാകയ്ക് അത് കണ്ട് ഇവ പല ഇനത്തിലുള്ള മൽസ്യങ്ങളാണെന്ന് തെറ്റുധരിച്ച പണ്ടുള്ളവർ പല പേരിൽ ഇവയെ വിളിച്ചുപോന്നു - മയിൽ വാക, കൃഷ്ണവാക, നീലവാക, കരിവാക, മണൽവാക എന്നൊക്കെ.. ചേറു വരാൽ ne pseudo marulia എന്നും common ആയി bullseye snakehead എന്നും വിളിക്കും, channa orientalis ആണ് വട്ടോന്റെ ശാസ്ത്രീയ നാമം,dwarf snakheads ൽ ഉൾപെടും, ശ്രീലങ്കയിലും കേരളാ തമിഴ്നാട്‌ ലുമൊക്കെയേ കാണാനാവൂ ഇവയെ.നാടൻ വരാൽ ആണ് channa striata..ബാക്കി ഉള്ള ഏതാണ്ട് 36ഓളം ഇനങ്ങളും നമുക്ക് അന്യമാണ്.
നല്ലൊരു ബ്ലോഗ്‌ ആണ്. തിരുത്തുമെന്ന് വിചാരിക്കുന്നു.. ആരും ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം വിഷയങ്ങളെകുറിച്ചു എഴുതിയത് നല്ലൊരു കാര്യമാണ്.
അഭിനന്ദനങ്ങൾ 👍👍👍👍

Unknown said...

കോഴിക്കോട് വെട്ടൊന് തോടൻ എന്ന പേരിലാണ് അറിയപ്പെടുന്നത്

Unknown said...

വട്ടോൺ തന്നെ ആണോ മണ്ടൻ കരുതല എന്ന് വിളിക്കുന്നത്? അതിന്റെ ശാസ്ത്ര നാമം അറിയോ

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍